
കൊച്ചി: സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചെന്നാരോപിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസിൽ നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു. രണ്ട് അന്വേഷണ ഏജൻസികൾ നേർക്കുനെരെ എത്തുമ്പോൾ കോടതിയുടെ നിലപാട് നിർണായകമാകും.
2020 ആഗസ്റ്റ് 12,13 തീയതികളിൽ സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോൾ മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് മൊഴിനൽകാൻ ഇ.ഡി നിർബന്ധിച്ചെന്നാണ് കേസ്. സ്വപ്നയെ ഹാജരാക്കുമ്പോൾ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസുമാരായ സിജി വിജയൻ, എസ്. റെജിമോൾ എന്നിവർ ഇക്കാര്യം സ്ഥിരീകരിച്ചു മൊഴിയും നൽകി. കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, വ്യാജമായി തെളിവു നൽകാൻ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ പേരു പറയാൻ സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ചുള്ള മറ്റൊരു പ്രതി സന്ദീപ് നായരുടെ കത്തിൽ മാർച്ച് 26 നകം വിശദീകരണം നൽകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇ.ഡിയോടു നിർദ്ദേശിച്ചിട്ടുമുണ്ട്.
ഇ.ഡിയുടെ പിടിവള്ളികൾ
കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമത്തിലെ സെക്‌ഷൻ 67 പ്രകാരം ഇ.ഡി ഉദ്യോഗസ്ഥർക്ക് പ്രത്യേക സംരക്ഷണമുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ഇ.ഡിക്കെതിരെ മൊഴി നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയും തെറ്റാണ്. ഇത്തരമൊരു സംഭവമുണ്ടായാൽ അന്നുതന്നെ റിപ്പോർട്ട് ചെയ്യാൻ അവർക്ക് ബാദ്ധ്യതയുണ്ട്. വെളിപ്പെടുത്തൽ വൈകിയത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 118 പ്രകാരം കുറ്റമാകും. ഇവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇ.ഡി നവംബറിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
സെക്‌ഷൻ 67
കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമത്തിലെ ഇൗ വകുപ്പു പ്രകാരമുള്ള ഉത്തരവുകളും നടപടികളും റദ്ദാക്കാനോ പരിഷ്‌കരിക്കാനോ സിവിൽ കോടതികളിൽ കേസ് നൽകാനോ കഴിയില്ല. സദുദ്ദേശ്യത്തോടെ ചെയ്യുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ കാര്യങ്ങളുടെ പേരിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ പ്രോസിക്യൂഷനോ മറ്റു നടപടികളോ നിലനിൽക്കില്ല. സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾക്കാണ് സംരക്ഷണമെന്ന് നിയമം പറയുമ്പോൾ ഇ.ഡിയുടെ നടപടി സദുദ്ദേശ്യപരമാണോ എന്നതും കോടതിയിൽ ചർച്ചയാകും.