കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ഏറ്റെടുത്ത റോഡുകളുടെ പുനർനിർമാണം ഏപ്രിലിൽ പൂർത്തിയാകും. ഇതിൽ ആദ്യത്തെ റോഡായ എബ്രഹാം മാടമാക്കൽ റോഡിന്റെ നവീകരണം പൂർത്തിയായി. ഷൺമുഖം, പാർക്ക് അവന്യു, ഡി.എച്ച് എന്നീ റോഡുകളുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷമാണ് ബാനർജി റോഡിന്റെ നവീകരണം ആരംഭിക്കുക. 60 കോടി രൂപയാണ് നവീകരണ ചെലവ്. നടപ്പാത, സെെക്കിൾട്രാക്ക്, മഴവെള്ളം ഒഴുകി പോകാനുള്ള സംവിധാനം, സ്മാർട്ട് എൽ.ഇ.ഡി ലെെറ്റുകൾ, ഭൂഗർഭജല റീച്ചാർജിംഗിനുള്ള സംവിധാനം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

 ഗതാഗതം മുടങ്ങാതെ പണി

നിർമാണം നടക്കുമ്പോഴും റോഡുകളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനാലാണ് നവീകരണജോലികൾ വെെകുന്നതെന്നാണ് സി.എസ്.എം.എൽ അധിക‌ൃതർ പറയുന്നത്. പല റോഡുകളിലും ഭൂമിക്കടിയിലെ കേബിളുകൾ നിർമാണപ്രവർത്തനങ്ങൾക്ക് തടസമായി. റോഡുകളിൽ 70 സെന്റീമീറ്റർ ആഴത്തിൽ കുഴിയെടുത്ത് കേബിളുകൾ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും 30 മീറ്റർ കുഴിക്കുമ്പോൾ തന്നെ കേബിളുകൾ കാണപ്പെടുന്നു. നിർമാണത്തിനിടെ കേബിളുകൾ ഏതെങ്കിലും മുറിഞ്ഞാൽ പണി മുടങ്ങുന്ന അവസ്ഥയാണ്.

 കേബിൾ മാറ്റം വൈകുന്നു

റോഡുകളിൽ കാനകൾക്ക് പുറമെ പ്രത്യേകം യൂട്ടിലിറ്റി ഡക്റ്റുകൾ സ്ഥാപിക്കുന്നുണ്ട്. കേബിളുകൾ മാറ്റേണ്ടതിനാൽ അതിന്റെ ജോലികളും വെെകുകയാണ്. നിർമാണം നടക്കുന്നത് തിരക്ക് വർദ്ധിച്ച റോഡുകളിലായതിനാൽ ഷട്ട് ഡൗൺ സംവിധാനവും ബുദ്ധിമുട്ടാണ്. ഇലക്ട്രിക് വർക്കുകളും സിവിൽ വർക്കുകളും പരസ്പരം ബന്ധപ്പെട്ടതിനാൽ ഒന്നിൽ വരുന്ന കാലതാമസം മറ്റു പണികളെയും ബാധിക്കുന്നു. ഇതുമൂലം പല സ്റ്റേജുകളായാണ് നിർമാണം പുരോഗമിക്കുന്നത്. നവീകരണം വെെകുന്നത് റോഡുകളിൽ ഗതാഗതകുരുക്ക് വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയുമാണ് നിലവിൽ. കേന്ദ്ര സർക്കാരിന്റെ സ്‌മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായാണ് റോഡുകൾ നവീകരിക്കുന്നത്. എറണാകുളം മേനക ഭാഗത്തെ പണികളാണ് നിലവിൽ പുരോഗമിക്കുന്ന പ്രധാന റോഡ് നിർമാണം.

 60 കോടി രൂപയാണ് നവീകരണ ചെലവ്.