
കൊച്ചി: നന്മ പറഞ്ഞായിരിക്കണം രാഷ്ട്രീയ പാർട്ടികൾ വോട്ട് പിടിക്കേണ്ടതെന്ന് നടനും സംവിധായകനുമായി ലാൽ പറഞ്ഞു. ട്വന്റി 20യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വിവരം വീഡിയോ സന്ദേശത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പാർട്ടികളുടെയും അടിസ്ഥാന മുദ്രാവാക്യം നന്മയാണ്. അത് പ്രാവർത്തികമാക്കുന്നതിലെ ഏറ്റക്കുറച്ചിലുകളാണ് ഇവരെ മുന്നോട്ടും പിന്നോട്ടും നയിക്കുന്നത്. ട്വന്റി 20 യിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നത് ഈ നന്മയാണ്. കേരളമാകെ നന്മ വ്യാപിക്കണം. ചെറുപ്പകാലത്ത് കൂട്ടുകാരൊത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോകുമായിരുന്നു.അന്നൊന്നും ഒരു പാർട്ടിയുടെ വക്താക്കളായിരുന്നില്ല. നല്ലതിനൊപ്പമാണ് നിന്നിട്ടുള്ളത്. കിഴക്കമ്പലത്തെ വികസനം കാണുമ്പോൾ ട്വന്റി 20യോടൊപ്പം നിൽക്കാതിരിക്കാൻ കഴിയുന്നില്ലെന്നും ലാൽ പറഞ്ഞു.
അംഗീകരിക്കുന്നവർക്ക് പിന്തുണ: സാബു ജേക്കബ്
തങ്ങൾ മുന്നോട്ട് വയ്ക്കുന്ന നിദ്ദേശങ്ങൾ അംഗീകരിക്കുന്ന മുന്നണിക്ക് മന്ത്രിസഭ രൂപീകരണവേളയിൽ ട്വന്റി 20 പിന്തുണ നൽകുമെന്ന് ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ് പറഞ്ഞു. ഒരു സ്ഥാനമാനങ്ങളും ഇതിന്റെ പേരിൽ ആവശ്യപ്പെടില്ല. നിരവധിപ്പേർ പാർട്ടിയിലേക്ക് വരും. പലരും പിന്നിൽനിന്നാണ് പ്രവർത്തിക്കുന്നത്. പരസ്യമായി രംഗത്തുവന്നാൽ രാഷ്ട്രീമായി ആക്രമിക്കപ്പെടുമെന്ന ഭീതി ഇവർക്കുണ്ട്. അതുകൊണ്ടാണ് ഇത്തരം ആളുകൾ പിന്നിൽ നിന്ന് പ്രവത്തിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.