nithin-nadh

ആലുവ: മനുഷ്യാവകാശ കമ്മിഷൻ ഉദ്യോഗസ്ഥർ എന്ന വ്യാജേന ട്രെയിനിൽ 48 കിലോ കഞ്ചാവു കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് വന്ന മലപ്പുറം സ്വദേശി തോട്ടുനഗപ്പുരയ്ക്കൽ നിധിൻനാഥ് (26), കർണാടക സ്വദേശിയും മലയാളിയുമായ സുധീർ കൃഷ്ണൻ (45) എന്നിവരെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ. അജിരാജും റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർ.പി എഫ്) സബ് ഇൻസ്‌പെക്ടർ പി.വി. രാജുവും ചേർന്ന് അറസ്റ്റ് ചെയ്തത്.

എ.സി കമ്പാർട്ടുമെന്റിൽ മനുഷാവകാശ കമ്മിഷൻ ഉദ്യോഗസ്ഥരുടെ വ്യാജ ഐ.ഡി കാർഡ് ധരിച്ചായിരുന്നു യാത്ര. ചോദ്യം ചെയ്തപ്പോഴാണ് കുടുങ്ങിയത്. വിശാഖപട്ടണത്ത് നിന്ന് കൊണ്ടുവന്ന കഞ്ചാവ് ഇടുക്കി സ്വദേശിക്ക് കൊച്ചിയിൽ വച്ച് കൈമാറുകയായിരുന്നു ലക്ഷ്യം.

ട്രെയിൻ മാർഗം മയക്കുമരുന്ന് എത്തിക്കുന്നത് തടയുന്നതിനായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമിനെ ആലുവ എക്‌സൈസ് റേഞ്ചിൽ രൂപീകരിച്ചിരുന്നു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ (ജനറൽ) എൻ.ജി. അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.ഡി. ടോമി, കെ.ആർ. രതീഷ്, ശിരിഷ് കൃഷ്ണൻ, എസ്. അനൂപ്, പി.യു. നീതു, കെ.എം. തസിയ എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.