
കോലഞ്ചേരി: പ്രചാരണത്തിന്റെ വീര്യം കൂട്ടാൻ മദ്യം ശേഖരിക്കുന്നവരെ കുടുക്കാൻ കുടിയന്മാരുടെ ക്യൂവിൽ ചാരന്മാരുമെത്തി. മൊത്തമായി വാങ്ങുന്നവരെ കണ്ടെത്താൻ എക്സൈസുകാർ തന്നെയാണ് ക്യൂവിലെ 'ചാരപ്പണി'ക്കുള്ളത്. തിരഞ്ഞെടുപ്പു കാലത്ത് മദ്യത്തിന്റെ ഉപഭോഗവും വില്പനയും സാധാരണയെക്കാൾ 30 ശതമാനത്തിലധികം ഉണ്ടാകുന്ന സ്ഥലങ്ങളെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച നല്കിയ റിപ്പോർട്ടിനെ തുടർന്നാണ് അത്തരം മേഖലകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ എക്സൈസ് കമ്മീഷണർ നിർദ്ദേശിച്ചത്. ഇതേ തുടർന്നാണ് പരിശോധന തുടങ്ങിയത്. പെരുമ്പാവൂർ, പട്ടിമറ്റം, കോലഞ്ചേരി, മൂവാറ്റുപുഴ, പുത്തൻകുരിശിലും ഉണ്ടായിരുന്നു ബീവറേജസ് പ്രീമിയം ഔട്ട് ലെറ്റുകൾ ജീവനക്കാരുടെ കുറവിനെ തുടർന്ന് അടച്ചിരുന്നു. ഇതോടെ സാധാരണ കൗണ്ടറുകളിലാണ് വില്പന. ഇവിടെ വൻ തിരക്കാണ് ഷോപ്പുകളിലുള്ളത്. പ്രതിദിനം 5 ലക്ഷം രൂപയിലധികം വില്പനയുള്ള കൗണ്ടറുകളായിരുന്നു മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയത്. തിരക്കിന്റെ മറവിൽ സംഘമായെത്തി വൻ തോതിൽ മദ്യം ശേഖരിക്കുന്നതായി എക്സൈസ് ഇന്റലിജെന്റ്സ് വിഭാഗം നല്കിയ റിപ്പോർട്ട് പരിഗണിച്ചാണ് പരിശോധനയ്ക്ക് 'ചാരപ്പണി' തുടങ്ങിയത്. മുഴുവൻ മദ്യവില്പനശാലകളിലെയും ദിവസ വില്പനയെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോർട്ടു നൽകുന്നുണ്ട്. ഇതോടൊപ്പം ജില്ലയ്ക്ക് പുറമെ നിന്നെത്തുന്ന കള്ളും പരിശോധിക്കാൻ നിർദ്ദേശമുണ്ട്. വീര്യം കൂടിയ കള്ളെത്തുന്നതായ സംശയത്തെ തുടർന്നാണിത്. ഷാപ്പുകളിൽ നിന്ന് നേരിട്ടും, വാഹനങ്ങൾ വഴി എത്തിക്കുമ്പോഴും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനും നിർദ്ദേശമുണ്ട്.