ആലുവ: നാളുകളായി മഴയില്ലാതിരുന്ന മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ ഇടിയും മിന്നലോടും കൂടിയ നല്ല മഴ പെയ്ത് ഭൂമി തണുത്തു. പ്രകൃതിയിൽ പെട്ടെന്നു വന്ന മാറ്റം ജീവജലത്തിന് ഒരു മൺപാത്രം പദ്ധതിയുടെ ഉദ്ഘാടനത്തിൻെറ മാറ്റു വർദ്ധിപ്പിച്ചു.
സേവാഗ്രാം സന്ദർശിക്കുന്നവരിലൂടെ ലോകരാജ്യങ്ങളിലേക്ക് പക്ഷികൾക്കു വെള്ളം പകർന്നു വയ്ക്കുന്ന മൺപാത്രങ്ങളെത്തിക്കുന്ന കർമ്മ പരിപാടി അന്താരാഷ്ട്ര കുരുവിദിനത്തിൽ മഹാരാഷ്ട്ര മൃഗ സംരക്ഷണ വകുപ്പു മന്ത്രി സുനിൽ കേദാർ ഉദ്ഘാടനം ചെയ്തു.
ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണന്റെ 'എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷൻ നടപ്പാക്കിയ ജീവജലത്തിന് ഒരു മൺപാത്രം പദ്ധതിയെക്കുറിച്ച് സേവാഗ്രാം പ്രസിഡന്റ് ടി.ആർ.എൻ.പ്രഭു വിശദീകരിച്ചു.
കേരളത്തിൽ നിന്നും മഹാരാഷ്ട്രയിലെ സേവാഗ്രാം വഴി ലോകത്തിന് ഭൂതദയാപരമായ ലോകോത്തര സന്ദേശം നൽകുന്ന ഈ പദ്ധതി മഹാരാഷ്ട്ര മുഴുവൻ നടപ്പാക്കുമെന്ന് മന്ത്രി സുനിൽ കേദാർ പറഞ്ഞു. വാർദ്ധ ജില്ലാ കളക്ടർ പ്രേരണ ദേശ്, ഡി.പി.ഒ ടി.പി. സമ്പൂർണ തുടങ്ങിയവർ സംബന്ധിച്ചു.