
കൊച്ചി : സംസ്ഥാനത്ത് നിലവാരമില്ലാത്ത കുപ്പിവെള്ളവും ഐസും വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അനധികൃതമായി കുടിവെള്ള - ഐസ് പ്ളാന്റുകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു.
അനധികൃത കുപ്പിവെള്ള പ്ളാന്റുകളുടെയും ഐസ് യൂണിറ്റുകളുടെയും പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ ഹ്യൂമൻ റൈറ്റ്സ് മിഷൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. പുതിയ പ്ളാന്റുകൾക്ക് അനുമതി നൽകുമ്പോൾ മതിയായ നിലവാരമുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
സംസ്ഥാനത്ത് 106 കുപ്പിവെള്ള പ്ളാന്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 20 എണ്ണത്തിനു കൂടി സർക്കാർ അനുമതി നൽകാനൊരുങ്ങുകയാണെന്നും ഹർജിക്കാർ വാദിച്ചു. പൊതുജനാരോഗ്യത്തിനു ഭീഷണിയാകുന്ന തരത്തിൽ മലിനജലം കുപ്പിവെള്ളമായി എത്തുന്നുണ്ട്. നിലവാരം കുറഞ്ഞ ഐസ് ബാറുകളാണ് കുലുക്കി സർബത്ത് ഉൾപ്പെടെയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. കുപ്പിവെള്ള നിർമ്മാണം കുടിൽ വ്യവസായമായി മാറി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും ഹർജിക്കാർ വാദിച്ചു.