
കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. 23ന് എറണാകുളം ഹൈക്കോടതിക്ക് സമീപത്തെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.
കോടിയേരി താമസിക്കുന്ന തിരുവനന്തപുരത്തെ എ.കെ.ജി ഫ്ളാറ്റിന്റെ വിലാസത്തിലാണ് ഇത്തവണ നോട്ടീസ് അയച്ചതെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ വിലാസത്തിലായിരുന്നു ആദ്യ നോട്ടീസ്. വീട് അടഞ്ഞു കിടക്കുന്നതിനാൽ നോട്ടീസ് മടങ്ങി. ഫോൺ മുഖേന വിനോദിനിയെ ബന്ധപ്പെടാനായില്ല. ആദ്യനോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ പ്രതികരണം. നോട്ടീസ് കിട്ടിയില്ലെന്ന് കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ ആറ് ഐ ഫോണുകൾ കൈമാറിയിരുന്നു. ഇതിൽ ഏറ്റവും വിലയേറിയ ഫോൺ വിനോദിനി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യാൻ കസ്റ്രംസ് തീരുമാനിച്ചത്. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ സ്വിച്ച് ഓഫായി. ഒരിടവേളയ്ക്ക് ശേഷം മറ്റു സിമ്മുകൾ ഇതിൽ ഉപയോഗിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.