
കൊച്ചി : തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ സ്ഥാനാർത്ഥിക്ക് ഒപ്പം തിരക്കിലാണ് ഗാനരചയിതാക്കളും.
തിരഞ്ഞെടുപ്പ് എത്തുമ്പോൾ അണികളെ ആവേശം കൊള്ളിക്കുന്നതിന് ഇമ്പമുള്ള ഗാനങ്ങൾ ഇറക്കാറുണ്ട്. എന്നാൽ, ഗാനങ്ങൾ ജനങ്ങൾ ഏറ്റെടുക്കുമ്പോൾ അത് എഴുതിയവരെ പറ്റി ആരും അറിയാറില്ല. വിപ്ലവ ഗാനങ്ങളും ആവേശപൂർവമായ ഗാനങ്ങളും എഴുതിയ ഗാനരചയിതാക്കൾ ഉണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം.
രാജീവ് ആലുങ്കൽ
"കൊല്ലത്തിന്റെ ഹൃദയചുവരിൽ മുകേഷ് എന്ന പേർ മാത്രം"
"ആലപ്പുഴയുടെ ആഴക്കടൽ സ്നേഹവുമായി അങ്ങു ദൂരെ നിയമസഭയിൽ എത്തുന്നതാരാണ് ". രാജീവ് ആലുങ്കൽ കൊല്ലം സ്ഥാനാർത്ഥി മുകേഷിനും ആലപ്പുഴ സ്ഥാനാർത്ഥി.പി.പി.ചിത്തരഞ്ജനും വേണ്ടി എഴുതിയ ഗാനങ്ങളാണ് ഇവ. ഇലക്ഷനും സ്ഥാർത്ഥി പ്രഖ്യാപനവും കഴിഞ്ഞതോടെ 40 ഗാനങ്ങളാണ് രാജീവ് ആലുങ്കൽ എഴുതിയത്. മുകേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ, പി.രാജീവ്, വി.എൻ.വാസവൻ, വി.എസ്.ശിവകുമാർ, ബിന്ദുകൃഷ്ണ തുടങ്ങിയവർക്ക് എല്ലാം ഗാനങ്ങൾ എഴുതി. കാൽ നൂറ്റാണ്ടിലേറെയായി രാജീവ് ആലുങ്കൽ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ എഴുതാറുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ള സുഹൃത്തുക്കൾക്കും ഗാനം എഴുതിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഗാനങ്ങൾ എഴുതാൻ എനിക്ക് ഇഷ്ടവുമാണ് രാജീവ് ആലുങ്കൽ പറഞ്ഞു.
ഒ.എസ്.ഉണ്ണികൃഷ്ണൻ
" ഇടതുഭരണം തുടർന്നീടണം.. കേരളം വളരണം കരളുറപ്പോടെ". ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ തിരഞ്ഞെെടുപ്പ് പ്രചാരണത്തിനായി ഒ.എസ്.ഉണ്ണികൃഷ്ണൻ എഴുതിയ ഗാനമാണിത്. ഇത് കൂടാതെ ചെങ്ങന്നൂർ ഇടതുപക്ഷ സ്ഥാനാർത്ഥി സജി ചെറിയാനു വേണ്ടിയും ഉണ്ണികൃഷ്ണൻ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഏകദേശം 20 വർഷമായി ഒ.എസ്.ഉണ്ണികൃഷ്ണണൻ ഇലക്ഷൻ ഗാനങ്ങൾ എഴുതുന്നു. ബി.ജെ.പി., കോൺഗ്രസ്, സി.പി.എം. എന്നിങ്ങനെ സമീപിക്കുന്ന എല്ലാവർക്കും ഗാനങ്ങൾ എഴുതി നൽകാറുണ്ടെന്ന് ഒ.എസ്.ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആർ.കെ.ദാമോദരൻ
" സഹ്യന്റെ മകന്റെ തലയെടുപ്പിൽ സഭയിൽ സംഭവ കലയരങ്ങിൽ സമശീർഷം ഇല്ലാത്ത സാമാജികൻ സതീശൻ"
വി.ഡി.സതീശന് വേണ്ടി ആർ.കെ.ദാമോദരൻ എഴുതിയ വരികളാണിത്. കളിഞ്ഞ 30 വർഷങ്ങളായി ദാമോദരൻ ഈ രംഗത്തുണ്ട്. സമീപിക്കുന്ന എല്ല മുന്നണികൾക്കും ഗാനം എഴുതി നൽകും ആർ.കെ.ദാമോദരൻ പറഞ്ഞു.
സിനിമാ ഗാനം പോലെയല്ല
സാധരണ സിനിമാ ഗാനങ്ങളുടേത് പോലെ ഈണം നൽകി ഗാനം എഴുതുന്ന രീതിയില്ല ഇലക്ഷൻ ഗാനങ്ങളുടേത്. അതിനാൽ തന്നെ കുറച്ചു ബുദ്ധിമുട്ടാണ്. ജനങ്ങളെ ഹരം കൊള്ളിക്കുന്ന രീതിയിൽ വേണം എഴുതാൻ.- സിബി നായരമ്പലം- സംഗീത സംവിധായകൻ