najeeb
നജീബ്

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്‌.യു.എം) ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റേഴ്‌സ് പദ്ധതിയിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് ബയോടെക് സ്റ്റാർട്ടപ്പിന് യു.എ.ഇ കമ്പനിയിൽ നിന്ന് 73 കോടിയുടെ നിക്ഷേപം ലഭിച്ചു. യു.എ.ഇ ആസ്ഥാനമായ ടി.സി.എൻ ഇന്റർനാഷണൽ കൊമേഴ്‌സ് എൽ.എൽ.സിയിൽ നിന്ന് ബിലൈറ്റ് കുക്കീസ് ബ്രാൻഡിന് കീഴിൽ 'ആൽഗസീവീഡ് ടെക്‌നോളജി' എന്ന പദ്ധതിയുടെ ഭാഗമായാണ് സാറ ബയോടെക് നിക്ഷേപം കരസ്ഥമാക്കിയത്.
മൈക്രോ ആൽഗകൾ ഉപയോഗിച്ച് ഊർജ, ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഗവേഷണം നടത്തുന്ന സാറ ബയോടെക് ടി.സി.എനിന്റെ നിക്ഷേപത്തിലൂടെ ഗവേഷണം, വികസനം, ഉത്പാദനം, വിതരണം, വിപണനം എന്നിവ നിർവഹിക്കും.
സാറ ബയോടെക് സ്ഥാപകനും സി.ഇ.ഒയുമായ നജീബ് ബിൻ ഹനീഫ്, ടി.സി.എൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് ഷാഫി അബ്ദുള്ള എന്നിവർ ഷാർജയിൽ ധാരണാപത്രം ഒപ്പിട്ടു.
സഹൃദയ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ 2016 ൽ ബയോടെക്‌നോളജി എൻജി​നീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് നജീബ് ബിൻ ഹനീഫ് സാറ ബയോടെക് സ്ഥാപിച്ചത്.