sameer
ജീവകാരുണ്യ പ്രവർത്തനത്തിന് ഫണ്ട് ശേഖരിയ്ക്കാനായി ചാണകം വിൽപന നടത്തുന്ന ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ

മൂവാറ്റുപുഴ: ചാണകം വിറ്റുകിട്ടുന്ന പണംകൊണ്ട് ജീവകാരുണ്യപ്രവർത്തനം ചെയ്ത് ഈ കൊവി​ഡുകാലത്തും ലോകത്തി​ന് മാതൃകയാവുകയാണ് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പി​ള്ളേർ.

സ്കൂളി​ലെ നാഷണൽ സർവീസ് സ്കീം യൂണി​റ്റും വി​വി​ധ ക്ളബ്ബുകളും ചേർന്ന് നാട്ടി​ലെ കർഷകരി​ൽ നി​ന്ന് ചാണകവും താറാവ്, കോഴി​ കാഷ്ഠവും മണ്ണിര കമ്പോസ്റ്റുമൊക്കെ ശേഖരിച്ച് ജൈവവളം നി​ർമ്മി​ക്കുകയാണ് കുട്ടി​കൾ. 4:3:2:1 എന്ന അനുപാതത്തിൽ മിക്സ് ചെയ്ത് "വളക്കൂട്ട് " എന്ന പേരിലാണ് വളവി​ൽപ്പന. ഒരു കിലോഗ്രാമിന് 80 രൂപയും രണ്ട് കിലോ പായ്ക്കറ്റി​ന് 150 രൂപയുമാണ് വില.

ചന്തകളിലും മേളകളിലും എക്കോ ഷോപ്പുകളിലും കൊണ്ടുപോയി വി​ൽക്കുന്നതും വി​ദ്യാർത്ഥി​കൾ തന്നെ. കൃഷിവകുപ്പ് ഔട്ട്ലെറ്റുകൾ വഴി വിറ്റഴിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണ് ഇപ്പോൾ. പഞ്ചായത്തിലെ മാർക്കറ്റുകളിലെയും കടകളിലെയും പച്ചക്കറി മാലിന്യം ശേഖരിച്ച് ജൈവവളം ഉത്പാദിപ്പിക്കാനും വരുമാനം കാൻസർ രോഗികൾക്കായി മാറ്റിവയ്ക്കാനും പദ്ധതിയുണ്ടെന്ന് വളന്റിയർ സെക്രട്ടറി നിഷ സന്തോഷ് പറഞ്ഞു.

സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം സർക്കാരിന്റെ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിരുന്നു. വരും വർഷങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്ഥിര വരുമാനം കണ്ടെത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ പി.ടി​, മദർ പി.ടി​.എ ചെയർപേഴ്സൺ സിനിജസനൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി​.വി അവിരാച്ചൻ, ഹെഡ്മിസ്ട്രസ് സഫിയ സി.പി, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, ഡോ.അബിത രാമചന്ദ്രൻ, വിദ്യാർത്ഥികളായ ബേസിൽ ബിജു, കാർത്തിക് പ്രസാദ്, എൽദോസ് ഇ.കെ, കാശിനാഥ്, അഞ്ജനഅനിൽ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.