അങ്കമാലി: അങ്കമാലിയിൽ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കറുകുറ്റിയിലും, എം.സി.റോഡിൽ കിടങ്ങൂരുമാണ് ശനിയാഴ്ച വൈകിട്ട് അപകടം നടന്നത്. കറുകുറ്റിയിൽ നിറുത്തിയിട്ടിരുന്ന തടികയറ്റിയ വാഹനത്തിന് പിന്നിൽ ചാലക്കുടി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിടിച്ചായിരുന്നു അപകടം. ഈ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ടയർ മാറ്റികൊണ്ടിരുന്ന ആൾക്കാണ് സാരമായ പരിക്കേറ്റിട്ടുള്ളത്. ഇയാളെ കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയ്‌ലർ ലോറിയുടെ പിന്നിൽ കെ.എസ്.ആർ.ടി.സി.ബസ് ഇടിച്ചാണ് കിടങ്ങൂർ റോഡിൽ അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ഒരു യാത്രക്കാരന് പരിക്കേറ്റു. തിരുവമ്പാടിയിലേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽ പെട്ടത്.