
കൊച്ചി: കേരള പ്രീമിയർ ലീഗിൽ ആദ്യവിജയം നേടി ഗോൾഡൻ ത്രെഡ്‌സ് എഫ്.സി. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ കോവളം എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ത്രെഡ്‌സ് തോൽപ്പിച്ചു. 24ാം മിനിറ്റിൽ നവീൻ എം.രഘു, 66ാം മിനിറ്റിൽ അനുരാഗ് പി.സി എന്നിവരാണ് ത്രെഡ്‌സിനായി വലകുലുക്കിയത്. വിജയത്തോടെ മൂന്നു പോയിന്റുമായി ഗോൾഡൻ ത്രെഡ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. കോവളം എഫ്.സിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്.സി കെ.എസ്.ഇ.ബിയെ നേരിടും.
തുടക്കം മുതൽ കോവളം എഫ്.സിയുടെ ഗോൾമുഖത്ത് ത്രെഡ്‌സ് നിരവധി മിന്നലാക്രമണങ്ങൾ നടത്തി. അനുരാഗ് പി.സിയും നവീൻ രഘുവുമാണ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 24ാം മിനിറ്റിൽ ത്രെഡ്‌സിന്റെ പരിശ്രമം ഫലം കണ്ടു. ഗോളിനായുള്ള അനുരാഗിന്റെ ശ്രമം കോർണറിന് വഴങ്ങി കോവളം തടയിട്ടു. നിഖിലിന്റെ കോർണർ കിക്ക് ബോക്‌സികത്ത് നിന്ന നവീൻ രഘു ഉയർന്നു ചാടി ഹെഡ്‌ഡറിലൂടെ വലയിലെത്തിച്ചു.
സമനില ഗോളിനായുള്ള കോവളം എഫ്.സിയുടെ ശ്രമങ്ങളെല്ലാം ത്രെഡ്‌സ് പ്രതിരോധന നിര പൊളിച്ചു. 66ാം മിനിറ്റിൽ ഗോൾഡൻ ത്രെഡ്‌സ് ലീഡുയർത്തി. മൈതാനത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് കോവളം ബോക്സിലേക്ക് മുഹമ്മദ് സലീലിന്റെ പന്ത് കൈമാറ്റം. ബോക്‌സിന്റെ ഇടത് മൂലയിൽ നിൽക്കുകയായിരുന്ന അനുരാഗ് പി.സി മനോഹരമായ നീക്കത്തിലൂടെ കോവളത്തിന്റെ വലകുലുക്കി. അവസാന മിനുറ്റുകളിൽ ഇരുടീമുകളുടെയും ഗോൾവലയ്ക്ക് മുന്നിൽ പന്തെത്തിയെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല.