gh

കൊച്ചി: മൂവാറ്റുപുഴയുടെ പൊതുവികാരം പ്രതിഷേധമാണ്. വികസന മുരടിപ്പിനും അവഗണനയ്ക്കുമെതിരായ ശക്തമായ പ്രതിഷേധം. കാലങ്ങളായി മാറിമാറിവരുന്ന മുന്നണികളൊന്നും മൂവാറ്റുപുഴയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും ജില്ലയുടെ ആകെ വികസനം കൊച്ചിയിലും പരിസരത്തുമായി ചുരുക്കുന്നുവെന്നുമാണ് പൊതുവായ പരാതി. ഇതിന് പരിഹാരമായി മൂവാറ്റുപുഴ കേന്ദ്രീകരിച്ച് മലയോരജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ തിരഞ്ഞെടുപ്പുകാലത്തും പൊടിതട്ടിയെടുക്കുന്ന മലയോരജില്ലാ വാദമാണ് ഇത്തവണയും മണ്ഡലത്തിലെ പൊതുവായ ചർച്ചാവിഷയം.

കഴിഞ്ഞദിവസം 'നമ്മുടെ മൂവാറ്റുപുഴ' എന്ന സാമൂഹ്യമാദ്ധ്യമ കൂട്ടായ്മ നിർമല സ്കൂളിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന പൊതുപ്രവർത്തകർ ശക്തമായി ഉന്നയിച്ചതും ‌മറ്റൊന്നായിരുന്നില്ല.

ജില്ല രൂപീകരിക്കുമെന്ന് ഉറപ്പുതരുന്ന സ്ഥാനാർത്ഥികൾമാത്രം മത്സരിച്ചാൽ മതിയെന്നുവരെ സംവാദത്തിനിടെ അഭിപ്രായമുണ്ടായി. ദീർഘനാളായി പണിപൂർത്തിയാകാതെ കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും അഞ്ചുവർഷത്തിലേറെയായി തീരുമാനമാകാതെ കിടക്കുന്ന മുറിക്കല്ല് പാലവും മൂവാറ്റുപുഴയുടെ വികസനമുരടിപ്പിന് ഉദാഹരണമാണന്നും നാട്ടുകാർ ആരോപിക്കുന്നു. 2016 ന് മുമ്പ് പണി പൂർത്തിയാക്കിയ മുറിക്കല്ല് പാലം അപ്രോച്ച് റോഡ് ഇല്ലാതെ നോക്കുകുത്തിയായി നിൽക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായിട്ടും റോഡ് നിർമിക്കാത്തതിന് പിന്നിൽ നാടിനോടുള്ള അവഗണനയല്ലാതെ മറ്റൊരു കാരണവുമില്ലെന്ന് സംവാദത്തിൽ പങ്കെടുത്തവരെല്ലാം ഒരേസ്വരത്തിൽ ആരോപിച്ചു.

 പരിശോധിക്കണം ഈ വിഷയങ്ങൾ

വിനോദസഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല

നഗരത്തിലെ ട്രാഫിക് കുരുക്ക് പരിഹരിക്കുന്നില്ല

കാർഷിക മേഖലയുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു

മൂവാറ്റുപഴ മാർക്കറ്റ് നാമവശേഷമായി

പ്രളയം നിയന്ത്രിക്കാൻ പദ്ധതികളില്ല

 പോരാളികൾ ഇവർ

തുടർഭരണത്തിന് അവസരം തേടുന്ന ഇടതുമുന്നണിയുടെ എൽദോ എബ്രാഹാം

മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ പുതുമുഖം അഡ്വ. മാത്യു കുഴൽനാടൻ

രാഷ്ട്രീയമാറ്റത്തിന് വോട്ടുതേടുന്ന എൻ.ഡി.എയുടെ ജിജി ജോസഫ്

ട്വന്റി 20യുടെ അഡ്വ. സി.എൻ. പ്രകാശ്

മൂവാറ്റുപുഴ - 2016

എൽദോ എബ്രഹാം (സി.പി.ഐ) - 70269

ജോസഫ് വാഴയ്ക്കൻ ( കോൺഗ്രസ്) - 60894

പി.ജെ. തോമസ് ( എൻ.ഡി.എ) - 9759