
കോലഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വോട്ടർമാർക്ക് മാസ്ക് നല്കുമ്പോൾ സൂക്ഷിക്കുക. ഓരോ മാസ്കിനും സ്ഥാനാർത്ഥിയുടെ അക്കൗണ്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കെഴുതും. തുണികൊണ്ടുള്ളതാണെങ്കിൽ 20 രൂപയും, എൻ 95 ന് 15 രൂപയും ഒറ്റത്തവണ ഉപയോഗത്തിനുള്ള മാസ്‌കിന് 4 രൂപയും ചെലവായി കണക്കിൽപ്പെടുത്തും. സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും പാർട്ടിയുടെ ചിഹ്നങ്ങളും പതിപ്പിച്ച മാസ്‌കുകൾക്ക് 15 രൂപയാണ് കണക്കിൽ വരുന്നത്. ചിഹ്നം പതിച്ച ടീ ഷർട്ടിന് 150 രൂപയാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചെലവുകളുടെ മൂല്യം നിശ്ചയിച്ച്, തിരഞ്ഞെടുപ്പ് കമ്മിഷൻ പട്ടിക പുറത്തിറക്കിയതോടെ പണം സൂക്ഷിച്ച് ചെലവഴിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് ചെലവുകൾ അളക്കാൻ മണ്ഡലത്തിലൂടെ പാഞ്ഞു നടക്കുന്ന നിരീക്ഷകർ, കണ്ണിൽപെടുന്ന ചെലവുകളെല്ലാം മൂല്യം കണക്കാക്കി സ്ഥാനാർത്ഥിയുടെയും മുന്നണിയുടെയും അക്കൗണ്ടിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്യുഗ്രൻ കാമറകൾ രംഗത്തിറക്കി പ്രചാരണ പരിപാടികൾ 'ലൈവാക്കാൻ' ശ്രമിക്കുന്നവർക്കാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രധാന വെല്ലുവിളിയാകുന്നത്. ഡ്രോൺ കാമറയ്ക്ക് 12,000 രൂപയും ജിബ് കാമറയ്ക്കു 11,000 രൂപയുമാണ് കമ്മിഷൻ കണക്കാക്കുന്ന ദിവസവാടക. മണിക്കൂർ നിരക്കിലെങ്കിൽ ഡ്രോണിന് 3,000 രൂപയും ഈടാക്കും. ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുക 30,80,000 രൂപയാണ്.