കൊച്ചി: തൃപ്പൂണിത്തുറയിൽ ശബരിമല പ്രചാരണ വിഷയമാക്കാൻ യു.ഡി.എഫും എൻ.ഡി.എയും മത്സരിക്കുമ്പോൾ വിഷയം ചർച്ചയാക്കാതെ എൽ.ഡി.എഫ്. ശബരിമല സമരത്തിന്റെ നേരവകാശികൾ തങ്ങളാണെന്ന എൻ.ഡി.എയുടെ അവകാശവാദം പൊളിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. ശബരിമല മുൻ മേൽശാന്തിയിൽ നിന്നും കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ചു കൊണ്ടായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തുടക്കം. ബാബുവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത് ശബരിമല സമരത്തിൽ സംഘപരിവാറിനൊപ്പം നിന്ന മേജർ രവിയാണ്. ശബരിമല സമരകാലത്ത് യു.ഡി.എഫ് നേതാക്കളെ എവിടെയും കാണാൻ കഴിഞ്ഞില്ലെന്നാണ് എൻ.ഡി.എയുടെ ആരോപണം. എന്നാൽ വിശ്വാസവും ഭക്തിയുമൊന്നും ആർക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് എൽ.ഡി.എഫും പറയുന്നു.