
കൊച്ചി: തലശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതിനെതിരായ ഹർജികളിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി. ഇന്നുച്ചയ്ക്ക് 12ന് ഹർജികൾ വീണ്ടും പരിഗണിക്കും. ഇന്നലെ ഞായറാഴ്ച അവധിയായിട്ടും ഉച്ചയ്ക്ക് രണ്ടു മണിയോടെ സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് സിംഗിൾ
ബെഞ്ച് വാദം കേട്ടത്.
തലശേരിയിലെ ബി.ജെ.പി സ്ഥാനാർത്ഥി എൻ. ഹരിദാസും ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യനുമാണ് ഹർജിക്കാർ. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകുന്ന ഫോം എയിലും ബിയിലും അപാകത ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പത്രികകൾ തള്ളിയത്. എന്നാൽ കൊണ്ടോട്ടിയിൽ ഇടത് സ്ഥാനാർത്ഥിയുടെയും പിറവത്ത് സമാജ് വാദി സ്ഥാനാർത്ഥിയുടെയും പത്രികകളിലെ ന്യൂനത പരിഹരിക്കാൻ സമയം അനുവദിച്ചത് ഇരട്ടത്താപ്പാണെന്നും ഹർജിക്കാർ വാദിച്ചു.
എൻ. ഹരിദാസ് നൽകിയ ഫോം എയിൽ ബി.ജെ.പി ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലെന്നാണ് കാരണം പറഞ്ഞത്. ചിഹ്നം അനുവദിക്കുന്ന ഫോം ബിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന പേരിലാണ് നിവേദിതയുടെ പത്രിക തള്ളിയത്. ഫോം എയിലെയും ബിയിലെയും ന്യൂനതകൾ പത്രിക തള്ളാൻ മതിയായ കാരണമല്ലെന്ന് തിരഞ്ഞെടുപ്പ് ചട്ടത്തിൽ പറയുന്നതിനാൽ റിട്ടേണിംഗ് ഒാഫീസറുടെ നടപടി ദുരുദ്ദേശ്യപരമാണെന്നും ഇവരുടെ അഭിഭാഷകർ വാദിച്ചു. ഇലക്‌ഷൻ നടപടി തുടങ്ങിക്കഴിഞ്ഞാൽ കോടതിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും ഹർജികൾ നിലനിൽക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഹരിദാസിന്റെ പത്രിക സ്വീകരിക്കരുതെന്ന ആവശ്യവുമായി ഹർജിയിൽ കക്ഷിചേരാൻ തലശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. അരവിന്ദാക്ഷൻ ഹർജി നൽകിയിട്ടുണ്ട്.
പിറവത്തും കൊണ്ടോട്ടിയിലും ഇരട്ടത്താപ്പെന്ന്
പിറവത്തെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി റോബിൻ മാത്യുവിന് ഫോം എയും ബിയും നൽകാൻ ഇന്ന് രാവിലെ വരെ സമയം അനുവദിച്ചെന്നും കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി കെ.പി. സുലൈമാൻ ഹാജിയുടെ പത്രികയുടെ സൂക്ഷ്മപരിശോധന ഇന്നത്തേക്ക് മാറ്റിയെന്നും നിവേദിതയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ മേലാളന്മാരുടെ നിർദ്ദേശങ്ങളാണ് ഇവർ നടപ്പാക്കുന്നത്. റിട്ടേണിംഗ് ഒാഫീസർക്ക് തെറ്റുപറ്റിയാൽ ഉപതിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരും. ഖജനാവിന് നഷ്ടമുണ്ടാകും. ഇന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിനാൽ അതിനുമുമ്പ് ഹൈക്കോടതി ഇടപെടണമെന്നും നിവേദിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഫോം എയും ബിയും നൽകിയില്ലെന്നാണ് റിട്ടേണിംഗ് ഒാഫീസർ ആദ്യം പറഞ്ഞതെന്നും ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലെന്ന് പിന്നീടാണ് പറഞ്ഞതെന്നും ഹരിദാസിന്റെ അഭിഭാഷകൻ വാദിച്ചു. പ്രാഥമിക പരിശോധന നടത്തിയപ്പോൾ പറഞ്ഞിരുന്നെങ്കിൽ ഇൗ പോരായ്മ പരിഹരിക്കാമായിരുന്നു. അപാകതയെന്തെന്ന് വ്യക്തമാക്കുന്നതിൽ റിട്ടേണിംഗ് ഒാഫീസർക്ക് വീഴ്ചപറ്റി. സാങ്കേതിക കാരണങ്ങളാൽ പത്രിക തള്ളരുതെന്നും അപാകത തിരുത്താനാവുമെങ്കിൽ അവസരം നൽകണമെന്നും ജനപ്രാതിനിദ്ധ്യ നിയമത്തിൽ പറയുന്നുണ്ടെന്നും ഹരിദാസിന്റെ അഭിഭാഷകൻ വാദിച്ചു.