കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വി. ശ്രീനിജിൻ മണ്ഡലത്തിലെ വിവിധ പട്ടികജാതി കോളനികളിൽ ഇന്നലെ വോട്ടഭ്യർത്ഥിച്ചു. രാവിലെ മഴുവന്നൂർ പഞ്ചായത്തിലെ വെട്ടിക്കാട്ട്മല കോളനിയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. മംഗലത്തുനട, നെല്ലാട്, വീട്ടുർ ലക്ഷം വീട്, വലിയ കോളനി, വലമ്പൂർ, വെണ്ണിപ്പറമ്പ്, ഐരാപുരം നാല്സെന്റ് കോളനി, മണ്ണൂർ കോളനി എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. ഉച്ചയ്ക്ക് ശേഷം വിലങ്ങ് പ്രൊവിഡൻസ് ഹോമിലെത്തി അന്തേവാസികളെ കണ്ടു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലുമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം അബുൽ ബുഷ്റ മൗലവിയെയും സന്ദർശിച്ചു. ഇടതു മുന്നണിയുടെ പൊതു പര്യടനം ഇന്നാരംഭിക്കും. രാവിലെ 8 ന് പുതൃക്ക പഞ്ചായത്തിലെ ചോയിക്കര മുകളിൽ നിന്നാരംഭിക്കുന്ന പര്യടനം 21 കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഉച്ചയ്ക്ക് പാലക്കാമറ്റത്തെത്തും. കാവനാ ചോട്ടിക്കവലയിൽ നിന്നാരംഭിക്കുന്ന പര്യടനം കക്കാട്ടു പാറയിൽ സമാപിക്കും.