pcc

കൊച്ചി: കേരളത്തിൽനിന്ന് മത്സരിക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനമാണ് ലോക്‌സഭയിൽ കോൺഗ്രസിന്റെ സീറ്റുകൾ കുറച്ചതെന്ന് പി.സി. ചാക്കോ പറഞ്ഞു. കോൺഗ്രസ് വിട്ടുവന്ന പി.സി. ചാക്കോ എൻ.സി.പി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

രാഹുൽഗാന്ധിയുടെ തീരുമാനത്തിനുമുമ്പ് 110 സീറ്റുവരെ കോൺഗ്രസിന് പ്രവചിക്കപ്പെട്ടിരുന്നു. രാഹുൽ വയനാട് സ്ഥാനാർത്ഥിയാകുമെന്ന പ്രഖ്യാപനം വന്നതോടെ ഹിന്ദുക്കളെ ഭയന്നോടുകയാണെന്ന് ബി.ജെ.പി ഉത്തരേന്ത്യയിൽ പ്രചാരണം നടത്തി. മുസ്ലിംലീഗിന്റെ കൊടിയുള്ള രാഹുൽഗാന്ധിയുടെ പ്രചാരണചിത്രങ്ങൾ അവർ വർഗീയമായി ഉപയോഗിച്ചു. ഇതോടെയാണ് തിരഞ്ഞെടുപ്പിന്റെ ചിത്രം മാറിയത്.
കേരളത്തിൽനിന്ന് മത്സരിക്കരുതെന്ന് രാഹുൽഗാന്ധിയോട് നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. എ.കെ.ആന്റണിയുമായി ആലോചിച്ച് തീരുമാനത്തിലെത്താമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം വയനാട്ടിൽ മത്സരിക്കുകയായിരുന്നു.

മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ദുർഭരണത്തിനെതിരെ പ്രതിപക്ഷഐക്യം ഉയർത്തിക്കൊണ്ടുവരാൻ കെല്പുള്ള നേതാവ് ഇന്ന് ശരത് പവാർ മാത്രമാണ്. തട്ടുകടകളിൽ കയറിയും കടലിൽ ചാടിയും സമയംകളയുന്ന രാഹുൽഗാന്ധിക്കും കോൺഗ്രസിനും അതിനുള്ള കരുത്തില്ല.മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സെക്രട്ടറി കെ.ജെ. ജോസ്‌മോൻ, ദേശീയ നേതാവ് അരുൺ ശ്രീവാസ്തവ, ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാജി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.