പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറപിടിച്ച് അനധികൃത നിർമ്മാണങ്ങളും മണ്ണെടുപ്പും പാടംനികത്തലും പെരുകുന്നു.
വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതികൾക്ക് മൂന്ന് വർഷത്തേക്ക് ഇളവ് അനുവദിച്ചിട്ടുള്ളത് മുതലെടുത്താണ് അനധികൃത കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

കണ്ണടച്ച് ഉദ്യോഗസ്ഥർ

വ്യവസായങ്ങൾ ആരംഭിക്കുവാൻ മൂന്നു വർഷത്തേക്ക് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് - മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണ്.എന്നാൽ കെട്ടിടനിർമ്മാണചട്ടങ്ങളിലോ മലിനീകരണനിയന്ത്രണ മാനദണ്ഡങ്ങളിലോ ഇളവുകൾ അനുവദിച്ചിട്ടില്ലെന്ന വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് ചട്ടങ്ങൾമറികടന്നുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.


മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി

കുന്നത്തുനാട്, കോതമംഗലം, ആലുവ താലൂക്കുകളിലാണ് മണ്ണെടുപ്പം പാടംനികത്തലും അനധികൃതനിർമ്മാണങ്ങളും ഇപ്പോൾ വ്യാപകമായിരിക്കുന്നത്. മാനദണ്ഡങ്ങൾ മറികടന്ന് പുതിയ മുന്നൂറിലധികം പ്ലൈവുഡ്, പ്ലാസ്റ്റിക്ക് , റൈസ്മിൽ കമ്പനികളുടെയും ടാർമിക്‌സിംഗ് പ്ലാന്റുകളുടെയും കെട്ടിടനിർമാണമാണ് ആരംഭിച്ചിട്ടുള്ളത്. മലിനീകരണ നിയന്ത്രണവ്യവസ്ഥകളും കെട്ടിടനിർമ്മാണ ചട്ടങ്ങളും പാലിക്കാതെ നടക്കുന്ന മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങൾക്കുമെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.


പ്രതിഷേധവുമായി കർമ്മസമിതി

അനധികൃത ഖനനം തടയാനും ഇതിനുപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കാനും വില്ലേജ് ഓഫീസർക്ക് മതിയായ അധികാരം നൽകിയിട്ടും അനധികൃത ഖനനപ്രവർത്തനങ്ങൾ വർദ്ധിക്കുകയാണ്. ക്രിമിനലുകൾ ഉൾപ്പെട്ട ക്വട്ടേഷൻസംഘങ്ങളെയാണ് വൻതോതിലുള്ള പാടംനികത്തലിന് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനെതിരെ പൊലിസ്ഉദ്യോഗസ്ഥരും കണ്ണടക്കുകയാണെന്ന് പരിസ്ഥിതി സംരക്ഷണ കർമ്മസമിതി യോഗം കുറ്റപ്പെടുത്തി.

കർമ്മസമിതി ചെയർമാൻ വർഗീസ്പുല്ലുവഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം. കെ. ശശിധരൻപിള്ള, ശിവൻകദളി, അബ്ദുൾജബ്ബാർമേത്തർ, ടി.ഏ.വർഗീസ്, കെ.വി.മത്തായി, കെ.മാധവൻ നായർ, പി.മത്തായി, പി.കെ.പ്രദീപ്, രാജ് വി. പീറ്റർ, രാജൂജോൺ, വി.പി.ഏലിയാസ്, വി.ജെ.ജോയി, വി.വേലപ്പൻ എന്നിവർ പ്രസംഗിച്ചു.