
കൊച്ചി: എ.ഐ.സി.സി വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി ഇന്നും നാളെയും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കുവേണ്ടി ജില്ലയിൽ പര്യടനം നടത്തും. ഇന്നുരാവിലെ 11ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന അദ്ദേഹം റോഡുമാർഗം കൊച്ചിയിൽ എത്തും. 11.30ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥിനികളുമായി സംവദിക്കും. 12.30ന് വൈപ്പിൻ - ഗോശ്രീ ജംഗ്ഷനിൽ ദീപക് ജോയിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. അവിടെനിന്ന് റോറോയിൽ കയറി ഫോർട്ടുകൊച്ചിയിൽ എത്തും. 1.30ന് ഫോർട്ടുകൊച്ചി വെളി മൈതാനത്ത് ടോണി ചമ്മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കും. 2.30ന് തൃപ്പൂണിത്തുറയിൽ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംബന്ധിച്ച ശേഷം ആലപ്പുഴയ്ക്ക് പോകും.
നാളെ ജില്ലയിൽ തിരിച്ചെത്തുന്ന രാഹുൽഗാന്ധി പിറവം, മൂവാറ്റുപുഴ, കുന്നത്തുനാട്, പെരുമ്പാവൂർ, അങ്കമാലി മണ്ഡലങ്ങളിൽ പൊതുസമ്മേളനങ്ങളിൽ പങ്കെടുത്ത് രാത്രിയിൽ ന്യൂഡൽഹിക്ക് മടങ്ങും.