saseendran

കൊച്ചി: ഒന്നിച്ചൊഴുകി. പ്രത്യേയശാസ്ത്രത്തിൽ തട്ടി രണ്ടായിപ്പിളർന്നു. വീണ്ടും ഒന്നുചേർന്നപ്പോൾ നിറഞ്ഞത് കണ്ണും മനസിലെ ഓമർ‌മ്മപ്പുസ്തകവും.

ഇന്നലെ എറണാകുളം ടൗൺഹാളിൽ നിറഞ്ഞ സദസ് സാക്ഷിയായത് രാഷ്ട്രീയ നേതാക്കളുടെ സൗഹൃദത്തിന്റെ ആഴം എത്രത്തോളമെന്നതിന്റെ നേർക്കാഴ്ച. കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേ‌ർന്ന പി.സി. ചാക്കോയ്ക്ക് സംസ്ഥാനഘടകം നൽകിയ സ്വീകരണത്തിനിടെ മന്ത്രി എ.കെ. ശശീന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയതാണ് വൈകാരിക മുഹൂർത്തങ്ങൾക്ക് വഴിവച്ചത്.

'മുൻ നേതാവിനേയും അടുത്ത സുഹൃത്തിനേയും തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു എനിക്ക്. വേദിയിൽ അതേക്കുറിച്ച് പറഞ്ഞപ്പോൾ പഴയ ഓർമ്മകളെല്ലാം മനസിൽനിറഞ്ഞു. പിന്നീട് അടുത്തുവന്നിരുന്ന പി.സി ചാക്കോയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. 1967 മുതൽ മൂന്ന് ടേം യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിൽ ഞങ്ങളുണ്ടായിരുന്നു. അന്ന് എറണാകുളം സെന്റ് ആൽബർട്സ് കോളേജിന് സമീപത്തെ യൂത്ത് കോൺഗ്രസ് ഭവനിൽ ഏറെക്കാലം ഒന്നിച്ചായിരുന്നു താമസം. പിന്നീട് സമീപത്തെ ഒരു ലോഡ്ജിലേക്ക് മാറി. അന്നത്തെ പ്രവർത്തനങ്ങളും ദുരിതങ്ങളും തമാശകളുമെല്ലാം വീണ്ടും മനസിൽ തെളിഞ്ഞു. അതെല്ലാമോർത്താണ് വിതുമ്പിപ്പോയത്- മന്ത്രി ശശീന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.

ശശീന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയ കാഴ്ച തന്റെ മനസിനെയും ഉലച്ചെന്ന് പി.സി. ചാക്കോ പറഞ്ഞു. രാഷ്ട്രീയമായി വർഷങ്ങളോളം മറുചേരിയിലായിരുന്നെങ്കിലും പഴയ സൗഹൃദമെല്ലാം നിലനിറുത്തിയിരുന്നു. യൂത്ത്കോൺഗ്രസ് മന്ദിരം രണ്ട് നിലയാക്കിയത് തങ്ങളുടെ കാലത്തായിരുന്നു. ശശി ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ വിജയത്തിനായി ഈ കൂട്ടുകാരൻ ഒപ്പമുണ്ടാകുമെന്നും പി.സി. ചാക്കോ പറഞ്ഞു.