
കൊച്ചി: 'ബൈപ്പാസിൽ' വട്ടംചുറ്റിയും 'കാലടിപ്പാല'ത്തിലെ ബ്ലോക്കിൽ കുരുങ്ങിയും ഇത്തവണയും വീർപ്പുമുട്ടുകയാണ് അങ്കമാലിയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. വോട്ട് പെട്ടിയിലാക്കാനുള്ള സ്റ്റൈലൊന്ന് മാറ്റിയിട്ടുണ്ട് മുന്നണികൾ. അതെങ്കിലും മാറിയല്ലോ എന്ന ആശ്വാസത്തിലാണ് അങ്കമാലിക്കാർ. വാശിയേറിയ പോരാട്ടമാണെങ്കിലും ആരോപണ പ്രത്യാരോപണങ്ങളെല്ലാം അങ്കമാലി ബൈപ്പാസിനെയും കാലടിപ്പാലത്തിനെയും കേന്ദ്രീകരിച്ചാണ്. രണ്ട് പതിറ്റാണ്ടായി തിരഞ്ഞെടുപ്പുകളിലെ ചൂടൻചർച്ചാ വിഷയമാണ് ബൈപ്പാസ്. കഴിഞ്ഞ രണ്ട് ഇലക്ഷനിലാണ് കാലടിപ്പാലം പ്രചാരണ വിഷയമായത്. ഇക്കൊല്ലം ഇതുരണ്ടും ഉറപ്പെന്നാണ് സ്ഥാനാർത്ഥികൾ ഒരേ സ്വരത്തിൽ പറയുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളും യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നുണ്ട്. സർക്കാരിന്റെ ജനകീയ പദ്ധതികൾ ഉയർത്തിയാണ് ഇതിനെ എൽ.ഡി.എഫ് തിരിച്ചടിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഭരണമികവും ഇടതുവലത് മുന്നണികളുടെ അഴിമതിഭരണവും ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എയുടെ വോട്ടു പിടുത്തം.
അങ്കത്തട്ടിൽ ഇവർ
റോജി എം.ജോൺ(യു.ഡി.എഫ്)
ജോസ് തെറ്റയിൽ (എൽ.ഡി.എഫ്)
കെ.ബി സാബു(എൻ.ഡി.എ )
തട്ടിയെടുക്കാൻ തെറ്രയിൽ
ജോസ് തെറ്റയിലിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം എൽ.ഡി.എഫിനുണ്ട്. തെറ്റയിലിന്റെ വരവിൽ പ്രവർത്തകരും ആവേശത്തിലാണ്. എം.എൽ.എയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയും എൽ.ഡി.എഫ് സർക്കാരിന്റെ വികസനമാതൃക വിവരിച്ചുമാണ് തെറ്റയിലിന്റെ രണ്ടാംഘട്ട പര്യടനം മുന്നേറുന്നത്. ലോക്‌സഭ, തദ്ദേശതിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ പിന്നാക്കം പോയെങ്കിലും സർക്കാരിന്റെ ക്ഷേമ പദ്ധതികളും കൊവിഡ് പ്രതിരോധമടക്കമുള്ള പ്രവർത്തനങ്ങളും അങ്കമാലിയിൽ ഇടത് തരംഗമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ ദേശീയ സംസ്ഥാന നേതാക്കൾ ജോസ് തെറ്രയിലിനായി അങ്കമാലിയിൽ എത്തും.
ട്രെൻഡ് വലത്തോട്ടെന്ന്
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 20000ലധികം. തദ്ദേശതിരഞ്ഞെടുപ്പിൽ ഇത് പാതിയിൽ താഴെ എത്തി.
എങ്കിലും ഭൂരിപക്ഷമുണ്ട്. എങ്ങിനെ നോക്കിയാലും ഇക്കുറി അങ്കമാലിയിലെ ട്രെൻഡ് വലത്തോട്ടെന്ന് കണക്കുകൾ നിരത്തി യു.ഡി.എഫ് പ്രവർത്തകർ പ്രതീക്ഷ പങ്കുവയ്ക്കുന്നു.റോജി എം.ജോൺ മണ്ഡലത്തിൽ നടപ്പാക്കിയ 218 കോടിയുടെ പദ്ധതികൾ പ്രചാരണ വിഷയമാണ്. രണ്ടാം ഘട്ടത്തിൽ തുറന്ന ജീപ്പിലെ പര്യടനം മഞ്ഞപ്രയിൽ നിന്ന് ആരംഭിച്ചു. 31ന് പര്യടനം പൂർത്തിയാക്കി പ്രചാരണം ടോപ് ഗിയറിലേക്ക് ഉയത്തും. ദേശീയ സംസ്ഥാന നേതാക്കളും വരും.
അട്ടിമറി തന്നെ ലക്ഷ്യം
ലക്ഷ്യം ഒന്നേയുള്ളു. അത് അട്ടിമറിജയം മാത്രം. മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലാത്ത ബി.ജെ.പിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നേട്ടങ്ങളാണ് അട്ടിമറി പ്രതീക്ഷ നൽകുന്നത്. അങ്കമാലി നഗരസഭയിൽ ആദ്യമായി അക്കൗണ്ട് തുറക്കാനായതും മണ്ഡലത്തിൽ പലയിടത്തും ബി.ജെ.പിക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുണ്ടായതും ചിലയിടങ്ങളിൽ രണ്ടാമതെത്താനായതുമാണ് ബി.ജെ.പിയുടെ നേട്ടം. ബൈപ്പാസിനും കാലടിപ്പാലത്തിനും തന്നെയാണ് എൻ.ഡി.എയുടെ വാഗ്ദാനങ്ങളിൽ ഉൗന്നൽ. ബി.ജെ.പി ദേശീയ നേതാക്കളെ രംഗത്ത് എത്തിച്ച് കെ.വി.സാബുവിന്റെ രണ്ടാംഘട്ട പ്രചാരണം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.