കൊച്ചി : എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വളപ്പ് ജംഗ്ഷൻ - ബീച്ച് റോഡ് ഭാഗത്തെ അനധികൃത കൈയേറ്റങ്ങൾ മൂന്നു മാസത്തിനകം ഒഴിപ്പിക്കണമെന്നും കൊച്ചി തഹസിൽദാറോ എളങ്കുന്നപ്പുഴ പഞ്ചായത്തോ ഇതിനായി നിയമപരമായി നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ജില്ലാ ഒാട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) വളപ്പ് യൂണിറ്റ് പ്രസിഡന്റ് വിൽസൺ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. പുറമ്പോക്ക് ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ നിമിത്തം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇവർ നൽകിയ പരാതിയിൽ ജില്ലാ കളക്ടർ പരിശോധിച്ച് നടപടിയെടുക്കാൻ റവന്യു അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ 31 ചതുരശ്ര മീറ്റർ കൈയേറ്റമുണ്ടെന്ന് കണ്ടെത്തി. എന്നാൽ ഇതു റീ സർവേ രേഖകളുടെ അടിസ്ഥാനത്തിലാണെന്നും ഇതിനു മുമ്പുള്ള സർവേ രേഖകളുടെ അടിസ്ഥാനത്തിൽ കൈയേറ്റം നിർണയിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഡിവിഷൻ ബെഞ്ച് ഇത് അനുവദിച്ചില്ല. തുടർന്നാണ് കൈയേറ്റങ്ങൾ നിയമപരമായി ഒഴിപ്പിക്കാൻ നിർദ്ദേശിച്ചത്.