hc

കൊച്ചി: തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന സുപ്രീംകോടതി വിധിയടക്കം ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ച നിലപാട് ശരിവച്ചാണ് ഹൈക്കോടതി എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ഹർജികൾ തള്ളിയത്. ഇൗ ഘട്ടത്തിലുള്ള കോടതിയിടപെടൽ ഇലക്ഷൻ പ്രക്രിയയെ ബാധിക്കുമെന്ന് വ്യക്തമാക്കി മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർ ഇന്നലെ ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകി.

കേരളത്തിലെ 140 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു നടത്താൻ മാർച്ച് 12 ന് വിജ്ഞാപനമിറക്കി. പത്രികകളുടെ സൂക്ഷ്മ പരിശോധനയും പിൻവലിക്കാനുള്ള സമയവും കഴിഞ്ഞു. അന്തിമ ലിസ്റ്റ് വന്നാലുടൻ ബാലറ്റ് പേപ്പർ അച്ചടിക്കാൻ ഗവ. പ്രസുകളിൽ നൽകണം. 140 മണ്ഡലങ്ങളിലെ ബാലറ്റ് പേപ്പറുകളും പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റ് ലേബലുകളും തയ്യാറാക്കണം.

കൊവിഡ് ബാധിതരടക്കമുള്ളവരുടെ പോസ്റ്റൽ ബാലറ്റുകൾ നേരത്തെ തയ്യാറാക്കി അയയ്ക്കണം. ഇൗ ഘട്ടത്തിൽ കോടതി ഇടപെട്ടാൽ ഇതു തടസപ്പെടും. തിരഞ്ഞെടുപ്പ് പ്രക്രിയ നിശ്ചിത സമയത്തിൽ പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട വിവാദങ്ങളും പരാതികളും തിരഞ്ഞെടുപ്പു കഴിയുംവരെ മാറ്റി വയ്ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

പത്രികതള്ളിയ നടപടി തെറ്റാണെങ്കിൽ പോലും തിരഞ്ഞെടുപ്പു പ്രക്രിയ തുടരുന്നതിനിടെ കോടതിക്ക് ഇടപെടാനാവില്ല. തെറ്റെന്ന് കണ്ടാൽ ജയിച്ച സ്ഥാനാർത്ഥിയുടെ വിജയം അസാധുവാക്കാനാവും. പിന്നീട് ഇലക് ഷൻ ഹർജിയിലൂടെ പത്രിക തള്ളിയതിനെ ചോദ്യം ചെയ്യാനവസരമുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ഏക പോംവഴിയാണിത്. തിരഞ്ഞെടുപ്പു തടസപ്പെടുത്തുന്നതിനെതിരെ മാത്രമേ റിട്ട് ഹർജി നിലനിൽക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയോ സംഘമോ നിയമലംഘനം നടത്തിയാൽ പോലും പൊതുതാത്പര്യം മുൻനിറുത്തി തിരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി അശോക് കുമാർ കേസിൽ വിശദീകരിച്ചിട്ടുണ്ടെന്നും വിശദീകരണ പത്രികയിൽ പറയുന്നു. സമാനമായ നിരവധി കോടതി വിധികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.