
കൊച്ചി: തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളടക്കമുള്ള അഞ്ചു പേരുടെ നാമനിർദ്ദേശ പത്രികകൾ വരണാധികാരികൾ തള്ളിയ നടപടിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥികളായ എൻ. ഹരിദാസ് (ബി.ജെ.പി, തലശേരി), നിവേദിത സുബ്രഹ്മണ്യൻ (ബി.ജെ.പി,ഗുരുവായൂർ), ആർ. ധനലക്ഷ്‌മി (എ.ഐ.എ.ഡി.എം.കെ,ദേവികുളം) എന്നിവർക്കു പുറമേ, പിറവത്തെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി റോബിൻ മാത്യു, വർക്കലയിലെ ശിവസേന സ്ഥാനാർത്ഥി എസ്. നിഷി എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഇലക്ഷൻ പ്രക്രിയ തടസപ്പെടുന്ന വിധം ഹൈക്കോടതികൾ ഇടപെടരുതെന്ന് സുപ്രീം കോടതി വിവിധ വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന ഇലക്ഷൻ കമ്മിഷന്റെ വാദം അംഗീകരിച്ചാണ് സിംഗിൾബെഞ്ച് വിധി. ധനലക്ഷ്മിയും നിഷിയും റോബിൻ മാത്യുവും ഇന്നലെയാണ് ഹർജി നൽകിയത്. തന്റെ അതേ മാതൃകയിൽ സമർപ്പിച്ച ബി.ഡി.ജെ.എസിന്റെ ഉടുമ്പഞ്ചോല സ്ഥാനാർത്ഥി സന്തോഷ് മാധവൻ, ഇടുക്കിയിലെ സ്ഥാനാർത്ഥി സംഗീത എന്നിവരുടെ പത്രികകൾ സ്വീകരിച്ചെന്നും ധനലക്ഷ്മി ആരോപിച്ചിരുന്നു.
പത്രികയിലെ പോരായ്മകൾ
എൻ. ഹരിദാസ്- ഫോം എയിൽ ബി.ജെ.പി ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല
നിവേദിത സുബ്രഹ്മണ്യൻ- ചിഹ്നം അനുവദിക്കുന്നതിനുള്ള ഫോം ബിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല
ആർ. ധനലക്ഷ്‌മി- ഫോം നമ്പർ 26 ലെ സത്യവാങ്മൂലം പഴയ മാതൃകയിൽ.
റോബിൻ മാത്യു- പത്തു നിർദ്ദേശകരില്ല.
എസ്. നിഷി- നിർദ്ദേശകരിലൊരാളുടെ പാർട്ട് നമ്പർ വോട്ടർ പട്ടികയിലില്ല.
വിവേചനം ചൂണ്ടിക്കാട്ടി ഹൈക്കോടതി
ധനലക്ഷ്മിയുടെ സത്യവാങ്മൂലം പഴയ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി തള്ളുകയും സമാനമായ സത്യവാങ്മൂലങ്ങൾ സ്വീകരിക്കുകയും ചെയ്തത് സത്യമാണെങ്കിൽ അത് വിവേചനമാണ്. ഇത്തരം നിലപാടുകൾ വരണാധികാരികളുടെ പക്ഷപാതിത്വം വ്യക്തമാക്കുന്നതാണ്. പത്രിക സ്വീകരിക്കുന്നതിൽ വരണാധികാരികൾ വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് സ്വീകരിച്ചത്. ചില സ്ഥാനാർത്ഥികൾക്ക് റിട്ടേണിംഗ് ഒാഫീസർമാരുടെ ഉദാരമായ നിലപാടിന്റെ ഗുണം ലഭിക്കുമ്പോൾ മറ്റു ചിലർക്ക് മത്സരിക്കാനുള്ള അവകാശം നഷ്ടമാകുന്നു. ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മിഷൻ നടപടിയെടുക്കണം. ഹർജികളിലെ വസ്തുതകളിലേക്ക് കടക്കുന്നില്ലെന്നും ഹർജിക്കാർക്ക് പരാതി പിന്നീട് ഉന്നയിക്കാൻ അവകാശമുണ്ടാകുമെന്നും വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.
മൂന്ന് എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രികകളിലെ ന്യൂനത പരിഹരിക്കാൻ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുന്നതിന് ഇലക്ഷൻ കമ്മിഷന് സ്വാതന്ത്ര്യമുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.