കോലഞ്ചേരി: പ്രചാരണ ചൂടിനിടയിലും കുന്നത്തുനാട്ടിലെ കളിക്കളങ്ങളിൽ താരമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും ഇടത് സ്ഥാനാർത്ഥിയുമായ അഡ്വ.പി.വി. ശ്രീനിജിൻ. തിരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തിൽ നടക്കുന്ന മുഴുവൻ കായിക മേളകളിലേയും സജീവ സാന്നിദ്ധ്യമായി സ്ഥാനാർത്ഥി മാറി. മാമല റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ലിന്റെ റൈഡേഴ്‌സ് കപ്പ് 2021 ഉദ്ഘാടന ചടങ്ങിൽ ബാറ്റ്സ്മാനായാണ് ശ്രീനിജിൻ കളം നിറഞ്ഞത്. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശൻ വിക്കറ്റ് കീപ്പറായി. കുമ്മനോട് ഭണ്ഡാരക്കവലയിൽ വോളിബോൾ താരമായാണ് വേദി കീഴടക്കിയതെങ്കിൽ കടയ്ക്കനാട് കൂട്ടായ്മ നടത്തിയ വടംവലി മത്സരത്തിലും മികവ് തെളിയിച്ചാണ് ശ്രീനിജിൻ മടങ്ങിയത്. മാറമ്പിള്ളിയിൽ സംസ്ഥാന ഫുട്‌ബോൾ ടീമിനു വേണ്ടി ജഴ്‌സിയണിഞ്ഞിട്ടുള്ള ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്.