gold

കൊച്ചി: കേരളത്തിലേക്ക് ആറ് വർഷത്തിനിടെ കടത്താൻ ശ്രമിച്ചത് 1,327.06 കിലോ ഗ്രാം സ്വർണം. 2019-20ലെ വിവാദമായ സ്വർണക്കടത്ത് കാലത്തായിരുന്നു ഏറ്റവും കൂടുതൽ കള്ളസ്വർണം കസ്റ്റംസ് പിടികൂടിയത്. 533.91 കിലോഗ്രാം. ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തതും ഇതേവർഷം തന്നെ. 799 എണ്ണം.

പിടിച്ച സ്വർണത്തിന്റെ മൂല്യം 1120.62 കോടി രൂപയാണ് ! 2,224 കേസുകൾ ഇക്കാലയളവിൽ കസ്റ്റംസ് രജിസ്റ്റ‌ർ ചെയ്തു.

സ്വർണക്കടത്ത് കേസിന് പിന്നാലെ വിമാനത്താവളത്തിലടക്കം സുരക്ഷ വർദ്ധിപ്പിച്ചത് സംസ്ഥാനത്തേക്കുള്ള സ്വർണത്തിന്റെ ഒഴുക്ക് തടഞ്ഞതായി കൊച്ചി കസ്റ്രംസ് പ്രിവിന്റീവ് വിഭാഗം അസി. കമ്മിഷണർ ആർ.ആർ. ഗോസ്വാമി വിവരാവകാശനിയമ പ്രകാരം പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2020 മുതൽ 2021 ഫെബ്രുവരി വരെ 195.34 കിലോ ഗ്രാം സ്വർണം മാത്രമാണ് പിടികൂടിയത്. ആദ്യ കാലങ്ങളിൽ ബിസ്കറ്റുകളായാണ് സ്വർണം കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുതിയ ടെക്നിക്കുകളാണ് അവലംബിക്കുന്നത്. വിഗ്ഗുകൾക്കുള്ളിലും കാപ്സ്യൂളായുമെല്ലാമാണ് സ്വർണം കടത്തുന്നത്.

വർഷം - കേസ് - പിടിച്ചെടുത്ത സ്വർണം (കി.ഗ്രാം) - ആകെ മൂല്യം (ലക്ഷം)

2015-16 - 69 - 97.62 - 2205.43

2016-17 - 66 - 46.09 - 1333.845

2017-18 - 242 - 103.57 - 2899.04

2018-19- 638 - 350.53 - 7038.43

2019-20 - 799 - 533.91 - 18582.06

2020-21 - 410 - 195.34 - 8003.427