
കൊച്ചി: തണലൊരുക്കാൻ വേദിയോ പന്തലോ ഇല്ല. പക്ഷേ പൊരിവെയിലിലെ മരച്ചുവടുകൾ രാഹുൽ ഗാന്ധിക്ക് തണലൊരുക്കി. കത്തുന്ന ചൂടിലും നടപ്പിനും പ്രസംഗത്തിലും ചടുലത. വിയർപ്പ് നെറ്റി നനയ്ക്കുമ്പോഴും ഊർജസ്വലമായി നിറചിരിയും കൂപ്പുകൈയുമായി ജനങ്ങളിലേക്ക്. വാദിക്കുന്നത് യുവാക്കൾക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി. വിദ്യാർത്ഥിനികളുടെ ചോദ്യങ്ങൾക്ക് മറുപടി മാത്രമല്ല, ചെറുത്തുനില്പിന് പരിശീലനത്തിനും റെഡി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എറണാകുളത്തെ തീരദേശ മണ്ഡലങ്ങളിലെത്തിയ രാഹുലിനെ കാത്തിരുന്നത് കൈയടിയും അഭിവാദ്യങ്ങളും.
ഒരുമണിക്കൂർ വൈകിയാണ് രാഹുലെത്തിയത്. സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥിനികളുമായി സംവാദമായിരുന്നു ആദ്യം. കാറിൽ നിന്നിറങ്ങി കോളേജ് ഓഫീസിൽ അദ്ധ്യാപകരുമായും കന്യാസ്ത്രീകളുമായും അഞ്ചു മിനിറ്റ് കൂടിക്കാഴ്ച. ഉത്തരം മാത്രമല്ല, വിദ്യാർത്ഥിനികളോട് രാഹുലിന്റെ ചോദ്യങ്ങളുമുണ്ടായിരുന്നു.
കരുത്തിൽ സ്ത്രീകളോ പുരുഷന്മാരോ മുന്നിലെന്ന് ചോദ്യം. തുല്യമെന്നായിരുന്നു പലരുടെയും മറുപടി. പുരുഷന്മാർ പൊതുവേ പറയാൻ മടിക്കുന്ന ഉത്തരം താൻ പറയാമെന്നായി രാഹുൽ. കരുത്ത് കൂടുതൽ സ്ത്രീകൾക്കെന്ന് ഗൗരവം വിടാതെ വിവരിച്ചു. അതിക്രമങ്ങൾ ചെറുക്കാൻ സ്ത്രീകൾ ഐക്കഡോ എന്ന ജപ്പാനീസ് മുറ പഠിക്കണമെന്ന് പറഞ്ഞപ്പോൾ എങ്ങനെ എന്നായി വിദ്യാർത്ഥിനികൾ. രണ്ടു പേരെ റാമ്പിലേക്ക് വിളിച്ച് പ്രാഥമിക പരിശീലനം എങ്ങനെയെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു.
പൊരിവെയിലിൽ കാളമുക്ക്
വൈപ്പിൻ ദ്വീപിലെ കാളമുക്ക് ജംഗ്ഷനിൽ ആദ്യത്തെ യോഗം. രാഹുൽ എത്തുമ്പോൾ സമയം ഉച്ചയ്ക്ക്1.20. തിളച്ചുമറിയുന്ന മീനസൂര്യൻ ഉച്ചാവസ്ഥയിൽ. മൂന്നാം ഗോശ്രീ പാലത്തിൽ രാഹുലിന്റെ വാഹനവ്യൂഹം കണ്ടതോടെ പ്രവർത്തകർ ആവേശത്തിലായി. എൽ.എൻ.ജി ടെർമിനൽ റോഡിൽ നിറുത്തിയ കെ.എൽ. 07 സി.യു. 8388 കിയ കാർണിവൽ കാറിന്റെ സൺ റൂഫിലേക്ക് കയറിയ രാഹുൽ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. സ്ഥാനാർത്ഥി ദീപക് ജോയിയെയും ഒപ്പം കൂട്ടി. തണലിന് പ്രവർത്തകർ നൽകിയ ഓലക്കുട വാങ്ങിയെങ്കിലും മാറ്റിവച്ചു. പൊരിവെയിൽ കൂസാതെ പ്രസംഗം. ഒരു പ്രവർത്തകൻ നീട്ടിയ ഫോൺ വാങ്ങി സെൽഫിയെടുത്തു.
അഴിമുഖത്ത് നിറ ചിരിയോടെ
വൈപ്പിൻ ജെട്ടിയിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് കടക്കാൻ കാർ റോ റോ ജങ്കാറിൽ കയറി. ജങ്കാർ നീങ്ങിയപ്പോൾ രാഹുൽ പുറത്തിറങ്ങി. പിന്നെ അഴിമുഖത്തെ കാഴ്ചകളിലേക്ക്. ഒരുവശത്ത് എറണാകുളത്തിന്റെയും മറുവശത്ത് കടലിന്റെയും ഫോർട്ടുകൊച്ചിയുടെയും കാഴ്ചകൾ. ജങ്കാറിലെ മറ്റു യാത്രക്കാരെ അഭിവാദ്യം ചെയ്തും സെൽഫിയെടുത്തുമായിരുന്നു യാത്ര.
മത്സ്യത്തൊഴിലാളികൾക്കായി
കൊച്ചി മണ്ഡലത്തിലെ ഫോർട്ടുകൊച്ചി വെളി മൈതാനത്ത് അടുത്ത യോഗം. ചരിത്രമുറങ്ങുന്ന മൈതാനത്ത് പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. കോൺഗ്രസ് പതാക വഹിച്ച് നൂറുകണക്കിന് പേർ. മൈതാനത്തെ തണലിൽ ആവേശം ഒട്ടും ചോരാത്ത പ്രസംഗം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവരിച്ചു. സർക്കാർ ഒപ്പിട്ട ആഴക്കടൽ മീൻപിടിത്ത കരാറിനെ വിമർശിച്ചു. യുവ സ്ഥാനാർത്ഥി ടോണി ചമ്മിണിയെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് മടക്കം.
മരത്തണലിൽ ചടുലതയോടെ
തൃപ്പൂണിത്തുറയിലെ പള്ളുരുത്തി കച്ചേരിപ്പടിയിൽ അടുത്ത യോഗം. പന്തലോ വേദിയോ ഇല്ല. കൂറ്റൻമരത്തിന്റെ തണലിൽ കാറിന്റെ സൺറൂഫിലിരുന്ന് പ്രസംഗം. ചെറുപ്പക്കാരും പരിചയസമ്പന്നരുമുൾപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് വിവരണം. കൂടുതൽ യുവാക്കൾ നിയമസഭയിലെത്തണമെന്ന ലക്ഷ്യം വിവരിച്ചു. പരിചയസമ്പത്താണ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ മികവ്. അദ്ദേഹത്തെ ജയിപ്പിക്കണമെന്ന ആഹ്വാനം ചെയ്തു പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് ആലപ്പുഴയിലെ പ്രചാരണ യോഗങ്ങളിലേക്ക് യാത്രയായി.
എൽ.ഡി.എഫിന് മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാകില്ല: രാഹുൽ ഗാന്ധി
കൊച്ചി: അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ ആഴക്കടൽ മീൻപിടിത്ത അഴിമതിക്കരാർ റദ്ദാക്കി മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാൻ എൽ.ഡി.എഫ് സർക്കാരിന് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി പറഞ്ഞു.
ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ സഫലമാക്കുന്നതിലും, കഴിവുകൾ വിനിയോഗിക്കുന്നതിലും കേന്ദ്ര, കേരള സർക്കാരുകൾ പരാജയമാണെന്നും വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ അദ്ദേഹം പറഞ്ഞു. മോഷണം കൈയോടെ പിടിക്കപ്പെടുമ്പോൾ കൊള്ള മുതൽ തിരിച്ചുനൽകി തടിതപ്പുന്നതു പോലെയാണ് കരാറിൽ നിന്ന് സർക്കാർ പിന്മാറിയത്. അതിന്റെ പേരിൽ അഴിമതിയിൽ നിന്നും മീൻപിടിത്തക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തിൽ നിന്നും രക്ഷപ്പെടാനാവില്ല.
യുവാക്കളുടെ ഉൗർജസ്വലത വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് കേരളത്തിൽ നിന്നുള്ള എം.പിയെന്ന നിലയിൽ തോന്നിയിട്ടുണ്ട്. അർഹരായ യുവാക്കളെ മറികടന്ന് പിൻവാതിൽ നിയമനങ്ങൾ നൽകുകയാണ് സർക്കാർ.സമ്പദ്ഘടന ശക്തമാക്കി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സമീപനമല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സാധാരണക്കാരിലേക്ക് കൂടുതൽ പണംനേരിട്ടെത്തിക്കണം. ചെറുപ്പക്കാർക്ക് പ്രാമുഖ്യം നൽകുകയും പരിചയസമ്പന്നരെ വിനിയോഗിക്കുകയും ചെയ്യുന്ന വിധത്തിലാണ് കേരളത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് - രാഹുൽ ഗാന്ധി പറഞ്ഞു.