
കടംവാങ്ങിയ ലോട്ടറി ടിക്കറ്റിന് ആറ് കോടി സമ്മാനം
ആലുവ: ചക്കംകുളങ്ങര പാലച്ചോട്ടിൽ പി.കെ. ചന്ദ്രനെത്തേടി ആറു കോടിയുടെ ഭാഗ്യക്കുറി സമ്മാനമെത്തിയ കഥയ്ക്ക്, കോടികളുടെ പ്രലോഭനത്തിനു മുന്നിലും മിഴിയടയ്ക്കാത്ത ഒരു സത്യസന്ധതയുടെ അനുബന്ധകഥ കൂടിയുണ്ട്.
സംസ്ഥാന സർക്കാർ ലോട്ടറിയുടെ സമ്മർ ബമ്പർ സമ്മാനത്തിന് അർഹനായ ചന്ദ്രൻ, ആ ടിക്കറ്റ് വാങ്ങിയത് കടമായി. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്ത് വിൽപ്പന നടത്തുന്ന വലമ്പൂർ സ്വദേശിനി സ്മിജ കെ. മോഹനാണ് ചന്ദ്രന് ടിക്കറ്റ് കടമായി നൽകിയത്. രാജഗിരി ആശുപത്രിക്കു മുമ്പിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം. ഞായറാഴ്ച 12 ടിക്കറ്റുകൾ ബാക്കി വന്നപ്പോൾ, സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെങ്കിലുമെടുത്ത് സഹായിക്കാൻ സ്മിജ ഫോണിൽ പറയുകയായിരുന്നു.
ഫോണിലൂടെ നമ്പറുകൾ ചോദിച്ചറിഞ്ഞ ചന്ദ്രൻ എസ്.ഡി. 316142 നമ്പർ ടിക്കറ്റ് തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ടോടെയാണ് ചന്ദ്രനു വേണ്ടി കൈവശം സൂക്ഷിച്ചിരിക്കുന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജ അറിഞ്ഞത്. ചന്ദ്രനെ അപ്പോൾത്തന്നെ വിളിച്ചു പറഞ്ഞ സ്മിജ രാത്രിയോടെ ടിക്കറ്റ് കൈമാറി.
കീഴ്‌മാട് ഡോൺ ബോസ്‌കോയിൽ പൂന്തോട്ടക്കാരനാണ് ചന്ദ്രൻ. ഭാര്യ: ലീല. മക്കൾ: ചലിത, അഞ്ജിത, അഞ്ജിത്ത്. മൂത്തമകൾ ചലിതയുടെ ഭർത്താവിന്റെ വീടുപണി നടക്കുകയാണ് അവരെ സാമ്പത്തികമായി സഹായിക്കും. രണ്ടാമത്തെ മകളുടെ വിവാഹവും ബി.ടെക്കിനു പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങൾക്കുമാണ് പണം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ചന്ദ്രൻ പറഞ്ഞു. കുട്ടമശേരി എസ്.ബി.ഐ. ബാങ്കിലെത്തി ചന്ദ്രൻ ടിക്കറ്റ് കൈമാറി.
ആഡ്
രാജേഷ് ആണ് സ്മിജയുടെ ഭർത്താവ്. മൂത്ത മകൻ ജഗൻ (13) മസ്തിഷ്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടുവയസുകാരൻ ലുകൈദ് അർബുദ ചികിത്സയിൽ.