തൃക്കാക്കര : കിടപ്പുരോഗികൾ, നിരാലംബർ, സ്ത്രീകൾ എന്നിവർക്കായി തൃക്കാക്കര മണ്ഡലത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്ഥിരം ഹെൽപ് ഡസ്ക് സ്ഥാപിക്കുമെന്ന് പി.ടി.തോമസ്. സ്ഥാനാർത്ഥി മണ്ഡല പര്യടനത്തിന് തുടക്കമിട്ട് കടവന്ത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആയിരക്കണക്കിന് സ്ത്രീകൾ ജോലി ചെയ്യുന്ന ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന തൃക്കാക്കരയിൽ എം.എൽ.എ ഓഫീസ് കേന്ദ്രീകരിച്ച് സ്ത്രീകൾക്കായി പ്രത്യേകം ഹെൽപ് ഡസ്ക് സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചപ്പോഴാണ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചത്. അവശരായ കിടപ്പ് രോഗികൾ, നിരാലംബരായ സ്ത്രീകൾ എന്നിവർക്ക് സാന്ത്വനമേകുന്ന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. പദ്ധതി ഉടൻ നടപ്പിലാക്കും- അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡല പര്യടനം കെ.എസ്.യു. പ്രഥമ പ്രസിഡന്റ് ജോർജ് തരകൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷൻ, മുൻ മേയർ സൗമിനി ജയിൻ തുടങ്ങിയവർ സംസാരിച്ചു.