കൊച്ചി: കളമശേരിയിലെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിറങ്ങാതെ മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീർ. കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം ശക്തമാക്കുകയും ചെയ്തതോടെ കളമശേരിയിലെ യു.ഡി.എഫിൽ പ്രതിസന്ധി കനക്കുന്നു. പാണക്കാട് ഹൈദരലി തങ്ങളുമായി നടന്ന ചർച്ചയിൽ അഹമ്മദ് കബീറിന് പാർട്ടിയിൽ പ്രധാന പദവി വാഗ്ദാനം ചെയ്തിരുന്നു. വിമതനായി മത്സരിക്കാനില്ലെന്ന് കബീർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ കബീറിന് പദവി നൽകുന്നതിനെ പാണക്കാട് സാദിഖലി തങ്ങൾ ശക്തമായി എതിർത്തതായാണ് വിവരം.
ഇതിനിടെ ഇബ്രാഹിം കുഞ്ഞ് ഒരു ചാനലിലൂടെ കളമശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഉന്നയിച്ച ആരോപണം പാലാരിവട്ടം ഫ്ലൈഓവർ അഴിമതി വിഷയം വീണ്ടും തിരഞ്ഞെടുപ്പ് ചർച്ചയാവാൻ കാരണമായി. പി. രാജീവ് ലോകസഭയിൽ മത്സരിച്ചപ്പോൾ വോട്ട് മറിക്കാനുള്ള അഭ്യർത്ഥന നിരസിച്ചതാണ് കേസിലുൾപ്പെടുത്താൻ കാരണമെന്നായിരുന്നു ആരോപണം.ഇ.ഡി എടുത്ത കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ഇബ്രാഹിം കുഞ്ഞ് ഹാജരായില്ല.