
കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, കെ.ടി. റമീസ്, എ.എം. ജലാൽ, മുഹമ്മദ് അലി, കെ.ടി. ഷറഫുദ്ദീൻ, റബിൻസ് ഹമീദ്, പി.എം. ഷാഫി എന്നീ പ്രതികൾ നൽകിയ ഹർജി എൻ.ഐ.എ കോടതി തള്ളി. പ്രതികൾ സ്വർണം കടത്തിയതിനും ഇതിനായി ആളുകളെ കണ്ടെത്തിയതിനും പണം നിക്ഷേപിച്ചതിനും വ്യക്തമായ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഉത്തരവ്. മുൻനിര പ്രതികൾക്കും മറ്റു പ്രതികൾക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം വ്യത്യസ്തമാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തലും വിചാരണക്കോടതി കണക്കിലെടുത്തു.
സ്വപ്നയും റമീസും സരിത്തും മുഖ്യ പ്രതികളാണെന്നും ഗൂഢാലോചനയിലടക്കം ഇവർക്ക് നിർണായക പങ്കുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള പങ്ക് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം സ്വീകരിക്കാനാവില്ല.
പ്രതികളുടെ ശബ്ദരേഖ പരിശോധിച്ചാൽ സ്വർണക്കടത്ത് നടത്താൻ സ്വീകരിച്ച നടപടികളും ഇതിനുള്ള ആസൂത്രണവും വ്യക്തമാണ്. കൂടുതൽ രാജ്യങ്ങളിൽ നിന്ന് സ്വർണക്കടത്തു നടത്താൻ ഇവർ പദ്ധതി തയ്യാറാക്കിയിരുന്നു. ഇവയൊക്കെ രേഖകളിൽ നിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എൻ.ഐ.എ കോടതി പറഞ്ഞു.
ജലാലിനെതിരെ മറ്റു ചിലരുടെ കുറ്റസമ്മത മൊഴിയിലുൾപ്പെടെ നിർണായക തെളിവുണ്ടെന്നും കോടതി വിലയിരുത്തി. പ്രതികളായ സന്ദീപ്, മുഹമ്മദ് അൻവർ, മുസ്തഫ, അബ്ദുൾ അസീസ്, നന്ദഗോപാൽ എന്നിവർ മാപ്പുസാക്ഷികളാകാൻ എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകി. ഇവരിൽ സന്ദീപ് ഒഴികെയുള്ളവർ സ്വർണക്കടത്തിനായി പണം നിക്ഷേപിച്ചവരാണ്. ഇൗ പ്രതികളെല്ലാവരും ഇതിനകം മജിസ്ട്രേട്ട് മുമ്പാകെ കുറ്റസമ്മത മൊഴി നൽകിക്കഴിഞ്ഞു. ഇവരുടെ അപേക്ഷ മാർച്ച് 29 നു പരിഗണിക്കും.