
കൊച്ചി : പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തെത്തുടർന്ന് ഡ്രൈവർമാർ മറ്റുള്ളവരെ ആക്രമിക്കുന്നതു തടയാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാഹനമോടിക്കുന്നതിനിടെയുണ്ടാകുന്ന കോപത്തെ തുടർന്ന് മറ്റു വാഹനങ്ങൾ അടിച്ചു തകർക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്ന സാഹചര്യം കണക്കിലെടുത്ത് നിയമനിർമ്മാതാക്കൾ ഇക്കാര്യം പരിഗണിക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
തൃശൂർ വാണിയമ്പാറയിൽ ഹൈക്കോടതിയുടെ വാഹനം അടിച്ചു തകർത്ത കേസിലെ പ്രതി പീച്ചി സ്വദേശി സണ്ണി തോമസിന്റെ ജാമ്യാപേക്ഷയിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. മാർച്ച് നാലിന് ഉച്ചക്കാണ് സംഭവം. വാണിയമ്പാറയിൽ റോഡരുകിൽ ഹൈക്കോടതിയുടെ കാർ പാർക്ക് ചെയ്തശേഷം ഡ്രൈവർ വെള്ളം വാങ്ങാൻ കടയിൽ കയറി. ഇൗ സമയം അതുവഴി ട്രക്ക് ഒാടിച്ചു വന്ന സണ്ണി കടയിലേക്ക് കയറാൻ കഴിയാത്ത വിധം കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി വഴക്കുണ്ടാക്കി. തുടർന്ന് കാറിൽ ട്രക്ക് ഇടിപ്പിച്ചു കേടു വരുത്തി. ഹൈക്കോടതിയുടെ സ്റ്റിക്കർ പതിച്ചാൽ എന്തുമാകാമെന്നു കരുതിയോയെന്ന് ആക്രോശിച്ച് പ്രതി ആക്രമണം നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് അറസ്റ്റിലായ സണ്ണി കീഴ്ക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തു പോയതാണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും സണ്ണി വാദിച്ചു. തുടർന്നാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ നിയമവ്യവസ്ഥ വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ആ കോപം നിയന്ത്രിക്കണം
വാഹനമോടിക്കുമ്പോൾ ശരീരവും മനസും നിയന്ത്രിക്കണമെന്നും ശ്രദ്ധ വേണമെന്നും മോട്ടോർ വാഹന നിയമത്തിൽ പറയുന്നുണ്ട്. അപായമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് ലഭിക്കുന്നതിൽ അയോഗ്യതയുമുണ്ട്. എന്നാൽ പെട്ടെന്നുള്ള ദേഷ്യത്തിൽ റോഡിൽ അക്രമാസക്തരാകുന്നവർക്ക് ശിക്ഷ നൽകാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയില്ലെന്നും ജർമ്മനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനു വ്യവസ്ഥയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്ന് സണ്ണിക്ക് 50,000 രൂപയുടെ ബോണ്ട് വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഒന്നരലക്ഷം രൂപ കെട്ടിവയ്ക്കണം. മൂന്നു മാസത്തേക്ക് ലൈസൻസ് സറണ്ടർ ചെയ്യണമെന്നും പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.