കൊച്ചി: സത്യസന്ധതയും ആത്മാർത്ഥതയുമുണ്ടെങ്കിൽ പ്രതിസന്ധികളെ മറികടന്ന് ലക്ഷ്യത്തിലെത്താമെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായ മൂല്യങ്ങൾകൊണ്ടുമാത്രം തിരഞ്ഞെടുപ്പിൽ വിജയിക്കാനാകുമോ എന്ന ഒരു വിദ്യാർത്ഥിനിയുടെ ചോദ്യത്തിനുള്ള മറുപടിയുമായാണ് സംവാദം തുടങ്ങിയത്.

തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിജയിക്കും. എന്നാൽ ഓരോരുത്തരും ഉയർത്തുന്ന ആശയങ്ങൾക്കാണ് പ്രസക്തി. സത്യസന്ധതയും ആത്മാർത്ഥതയുമുള്ള മൂല്യങ്ങൾ എക്കാലവും നിലനിൽക്കുമെന്നും അത്തരം മൂല്യങ്ങളാണ് താൻ പിന്തുടരുന്നതെന്നും രാഹുൽ പറഞ്ഞു.

ഇന്ധനവിലവർദ്ധനവ്, രാജ്യത്തിന്റെ പ്രതിരോധ , സാമ്പത്തിക മേഖല എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥിനികളിൽ നിന്ന് ചോദ്യമുയർന്നു. രാജ്യപുരോഗതിക്കുതകുന്ന ഗവേഷണപദ്ധതികളെക്കാൾ കൂടുതൽപ്രാധാന്യവും പണവും പ്രതിരോധമേഖലയ്ക്ക് നീക്കിവെയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് രാജ്യാതിർത്തികളിലെ പ്രതിരോധം പരമ പ്രധാനമാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

നോട്ട് നിരോധനവും ജി.എസ്.ടിയും മൂലമുണ്ടായ പ്രത്യാഘാതത്തിൽനിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരകയറിയിട്ടില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പൽ ഡോ. ലിസി മാത്യു സ്വാഗതം പറഞ്ഞു.