
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും അനുഭവിക്കുകയാണ് മലയാളിയായ സൗണ്ട് മിക്‌സർ ബിബിൻ ദേവ്. താനും റസൂൽ പൂക്കുട്ടിയും ചേർന്ന് ഒരുക്കിയ തമിഴ് ചിത്രം ഒത്ത സെരിപ്പ് സൈസ് 7 എന്ന ചിത്രത്തിലെ റീ റെക്കാഡിംഗിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ അവാർഡ് പട്ടികയിൽ നിന്ന് ഇദ്ദേഹത്തിന്റെ പേര് അപ്രത്യക്ഷമായി. റസൂൽ പൂക്കുട്ടിയുടെ പേര് മാത്രമാണ് ലിസ്റ്റിൽ.
സ്വന്തം പ്രയത്‌നം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടപ്പോഴും
ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് ക്ലെറിക്കൽ പിഴവുമൂലം നഷ്ടപ്പെടുന്നതിന്റെ നിരാശയിലാണ് ബിബിൻ ദേവ്. അവാർഡ് പ്രഖ്യാപനം വന്നപ്പോൾ തന്നെ ഈ ചിത്രം താനും ബിബിൻ ദേവും ചേർന്നാണ് ചെയ്തതെന്നും ഈ അവാർഡ് ബിബിൻ ദേവിന് അർഹതപ്പെട്ടതാണെന്നും വ്യക്തമാക്കി റസൂൽ പൂക്കുട്ടി രംഗത്തെത്തിയിരുന്നു. അങ്കമാലി സ്വദേശിയായ ബിബിൻ ദേവ് മുംബയ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. യന്തിരൻ 2.0 , ഒടിയൻ, മാമാങ്കം , മാസ്റ്റർപീസ്, കമ്മാരസംഭവം തുടങ്ങി ഒട്ടേറെ ബിഗ് ബഡ്ജറ്റ് സിനിമകളുടെ ഭാഗമായിരുന്നു ബിബിൻ ദേവ്.