
കൊച്ചി: മുഖപുസ്തകത്തിൽ മുഖം തെളിയുമ്പോൾ സ്ഥാനാർത്ഥിയുടെ ചുണ്ടിൽ ചിരിവിടരുമെങ്കിലും ഉള്ളൊന്നു കാളും. പതിയുന്ന ഓരോ പോസ്റ്ററിനും ചെലവ് ചില്ലറയല്ല. 250 മുതൽ 2000 രൂപവരെ ഇറക്കിയാലെ മികച്ച പടം തെളിയൂ !. സ്ഥാനാർത്ഥി നാട്ടിലിറങ്ങി വോട്ടുപിടിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഇന്ന് സോഷ്യൽമീഡിയയിലേയും പ്രചാരണം. പൊളിറ്റിക്കൽ പോസ്റ്റർ ഡിസൈനർമാരാണ് പ്രൊഫഷണലിസം നിറയുന്ന ആകർഷക പോസ്റ്ററുകൾ സ്ഥാനാർത്ഥികൾക്കായി ഇറക്കി വൈറലാക്കുന്നത്.
ഒരേ ഡിസൈനർമാർ തന്നെയായിരിക്കും പലപാർട്ടികൾക്കായി പോസ്റ്ററുകൾ തയ്യാറാക്കുന്നത്. മുന്നണികളുടെ ഡിജിറ്റൽ കാമ്പയിൽ ടീമിൽ നിന്ന് കരാർ നേടിയാണ് ഇത്തരം വർക്കുകൾ ഇവർ ചെയ്യുന്നത്. വിരലിലെണ്ണാവുന്ന പൊളിറ്റിക്കൽ ഡിസൈനർമാർ മാത്രമാണ് എറണാകുളത്തുള്ളത്. അതിനാൽ തിരഞ്ഞെടുപ്പ് കാലം ഇവർക്ക് ചാകരയാണ്. ഒരോ പാർട്ടിക്കായും ദിനംപ്രതി പത്തോളം പോസ്റ്ററുകൾ ചെയ്യാറുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ കീശയിലേക്ക് എത്തുന്നത് ലക്ഷങ്ങളുടെ വരുമാനമാണ്.
പാളിയാൽ പൊങ്കാല
പോസ്റ്റർ പാളിപ്പോയാൽ എതിർ ചേരിക്കാർ ഇതിൽ പൊങ്കാലയിടും. ഇതിനാൽ ഒരു പോസ്റ്റർ നിർമ്മിക്കാൻ ചുരുങ്ങിയത് അരമണിക്കൂറെടുക്കും. ബ്ലാക്ക് ഡിസൈനർ ടീം ഹെഡ് രാഹുൽ തോമസ് പറഞ്ഞു. അതേസമയം സാധാരണ ഡിസൈർമാക്കും നിരവധി വർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഡിജിറ്റൽ കാമ്പയിൽ ടീം ഇത്തരം വർക്കുകൾ കൂടുതലും പൊളിറ്റിക്കൽ പോസ്റ്റർ ഡിസൈനമാർക്കാണ് നൽകുന്നത്. രാഷ്ട്രീയത്തിലുണ്ടാകുന്ന സംഭവങ്ങൾക്ക് അനുസരിച്ചിരിക്കും ഒരു ദിവസം ഡിസൈൻ ചെയ്യുന്ന പോസ്റ്ററുകളുടെ എണ്ണം.