കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) കണ്ണൂർ, കൊല്ലം സെന്ററുകൾക്ക് 2 കോടി രൂപ വീതവും പുതുവൈപ്പ് കാമ്പസിന്റെ വികസനത്തിന് ഒരു കോടി രൂപയും 2021-22 ബഡ്ജറ്റിൽ വകയിരുത്തി.

88.08 കോടി രൂപയുടെ വാർഷിക ബഡ്‌ജറ്റിന് ജനറൽ കൗൺസിൽ അംഗീകാരം നൽകി. 54.07 കോടി രൂപ പദ്ധതി ചെലവുകൾക്കും 24.55 കോടി രൂപ പദ്ധതിയിതര ചെലവുകൾക്കും വകയിരുത്തുന്ന ബഡ്‌ജറ്റ് 5.55 കോടി രുപയുടെ സഹായം ബാഹ്യ ഏജൻസികളിൽ നിന്ന് പ്രതീക്ഷിക്കുന്നു.

കൊല്ലം, പയ്യന്നൂർ റീജിയണൽ സെന്ററുകളിൽ തുടങ്ങുന്ന ബി.എഫ്.എസ്.സി കോഴ്‌സിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ വകയിരുത്തി. പുതിയ കോഴ്‌സുകൾ തുടങ്ങാനും നിലവിലുള്ളവയുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും 9.50 കോടി രൂപ അനുവദിച്ചു.

മത്സ്യക്കുഞ്ഞുങ്ങളെ വികസിപ്പിച്ച് കർഷകർക്ക് കൈമാറുന്നതിന് പുതുവൈപ്പിനിൽ സ്ഥാപിച്ച ഫിൻഫിഷ് ഹാച്ചറിയുടെ പ്രവർത്തനത്തിന് 30 ലക്ഷം രൂപയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 10 കോടി രൂപ ചെലവിൽ കുഫോസിൽ സ്ഥാപിക്കുന്ന റഫറൽ ലാബിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് 30 ലക്ഷം രുപയും മാറ്റിവച്ചു.

ഗവേഷണ നേട്ടങ്ങൾ കർഷകരിലേക്ക് എത്തിക്കുന്ന വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്ക് 1.5 കോടി രൂപയും വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സൗകര്യങ്ങൾ ഉൾപ്പടെ പശ്ചാത്തല വികസനത്തിനായി 15 കോടി രൂപയും വകയിരുത്തി.

കുഫോസ് ആസ്ഥാനത്ത് ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് ചാൻസർ ഡോ. കെ. റിജി ജോണാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചത്.