
കൊച്ചി:നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി.
ഇന്നലെ ഹർജി സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്കു വന്നെങ്കിലും ഇന്നത്തേക്ക് മാറ്റണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടുകയായിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ എത്താൻ വേണ്ടിയാണിതെന്ന് അറിയുന്നു.
കേസ് റദ്ദാക്കാനാവില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്കു വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ക്രൈംബ്രാഞ്ച് കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.
സ്വർണക്കടത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കണമെന്ന ദുരുദ്ദേശ്യത്തോടെയാണ് ക്രൈംബ്രാഞ്ച് കേസെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഉന്നതർക്കു പങ്കുള്ള കേസിൽ അന്വേഷണം നിഷ്പക്ഷമായി നടക്കരുതെന്ന ലക്ഷ്യത്തോടെ അന്വേഷണ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്താനാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് കേസെടുത്ത നടപടി നിയമവിരുദ്ധവും ഇ.ഡിയുടെ അന്വേഷണത്തിലുള്ള ഇടപെടലുമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്തു കേസിൽ പ്രതിയുമായ എം. ശിവശങ്കറാണ് ഇതിനു പിന്നിലെന്നും ഹർജിയിൽ ആരോപിക്കുന്നു.
മറ്റു പ്രതികളിൽ സ്വാധീനം ചെലുത്തിയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചും ശിവശങ്കർ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. 2020 ആഗസ്റ്റ് അഞ്ചു മുതൽ 17 വരെ സ്വപ്നയെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇൗ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന രണ്ടു വനിതാ പൊലീസുകാർ മൊഴി നൽകിയിരുന്നു.
നിയമവാഴ്ച നടത്താനാവാത്ത
അസാധാരണ സാഹചര്യമെന്ന്
കൊച്ചി : ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത നടപടി സംസ്ഥാനത്ത് നിയമവാഴ്ച നടപ്പാക്കാനാവാത്ത അസാധാരണ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോൺ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണന്റെ ഹർജിയിൽ ആരോപിക്കുന്നു.
സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന 2020 ആഗസ്റ്റ് 12,13 തീയതികളിൽ മൊഴിയെടുത്തിട്ടില്ലെന്നും ഇതിനുശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്ന പരാതി പറഞ്ഞിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം പ്രതികൾ നൽകുന്ന മൊഴിയുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാവില്ല. ഒൗദ്യോഗിക കൃത്യനിർവഹണം നടത്തുന്ന കേന്ദ്ര ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും ഒരുന്നതന്റെ മകനും പങ്കുണ്ടെന്ന് മൊഴി നൽകാൻ ഇ.ഡി പ്രേരിപ്പിച്ചെന്ന സന്ദീപ് നായരുടെ ആരോപണവും ഹർജിയിൽ നിഷേധിച്ചു. കോഫെപോസ പ്രകാരം തടവിൽ കഴിയുന്ന സന്ദീപ് നായർ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് കത്തെഴുതിയത്.