trans

കൊച്ചി: ട്രാൻസ്ജെൻഡർ സൗഹൃദസമൂഹമാണ് ഇപ്പോഴുള്ളതെന്ന് പറയാമെങ്കിലും പലരുടെയും കാഴ്ചപ്പാടുകളിലും ചിന്തകളിലും ഇനിയും മാറ്റം വരേണ്ടിയിരിക്കുന്നു. പുതിയൊരു തിരഞ്ഞെടുപ്പ് കാലത്ത് പുതിയ സർക്കാരിൽ നിന്നും ട്രാൻസ്ജെൻ‌ഡർ സമൂഹം പ്രതീക്ഷിക്കുന്ന കുറെയേറെ കാര്യങ്ങളുണ്ട്. സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്ന മാറ്റങ്ങളുമുണ്ട്. പുതിയ സർക്കാർ തങ്ങൾക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങളെപ്പറ്രി ട്രാൻസ്ജൻഡർമാർ സംസാരിക്കുന്നു.

 എല്ലാ മേഖലകളിലും പ്രാതിനിധ്യം

തിരഞ്ഞെടുപ്പുകളിൽ ട്രാൻസ് കമ്യൂണിറ്രിയിൽ നിന്നുള്ളവർക്ക് അവസരം നൽകുകയെന്നത് പ്രധാനമാണ്. സ്വതന്ത്രരായി നിൽക്കുന്നതിനേക്കാളും ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയോടെ നിൽക്കുന്നതിലാണ് കാര്യം. എല്ലാ വകുപ്പുകളിലും ഒരു ട്രാൻസ് വ്യക്തിയെ നിയമിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ അദ്ധ്യാപികയോ കൗൺസിലറോ വേണം. മാതാപിതാക്കൾ അംഗീകരിക്കാത്ത ഒരുപാട് പേരുണ്ട്. അവർക്ക് താമസസൗകര്യം ആവശ്യമാണ്. ഷെൽറ്റർ ഹോമുകളിൽ മൂന്നു മാസം മാത്രമാണ് താമസസൗകര്യം. അവിടെ നിന്നിറങ്ങിയാൽ എവിടെ പോകുമെന്ന് അറിയില്ല. അതിനാൽ താമസിക്കുന്ന കാലയളവിൽ സ്വയംതൊഴിൽ പരിശീലനം വേണം. സർക്കാരിന് കുറേയേറെ മിച്ചഭൂമിയുണ്ട്. അതിൽ രണ്ടു സെന്റ് വീതം നൽകിയാൽ താമസസൗകര്യം ഒരുക്കാം. കലാകാരന്മാരെ ഉയർത്തിക്കൊണ്ടുവരാനും ശ്രമമുണ്ടാവണം.

രഞ്ജു രഞ്ജിമാർ

മേക്കപ്പ് ആർട്ടിസ്റ്റ്

സ്ഥാപക സെക്രട്ടറി

ദ്വയ ട്രാൻസ്ജൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ

 പൊളിച്ചെഴുത്ത് ആവശ്യമാണ്

സമൂഹത്തിൽ മൊത്തത്തിൽ മാറ്റം ആവശ്യമാണ്. ട്രാൻസ് കമ്യൂണിറ്റിയിൽ ഇപ്പോഴും നിരവധി ലൈംഗിക തൊഴിലാളികളുണ്ട്. മെട്രോയിലടക്കം ജോലി ലഭിച്ചെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കാൻ സാധിക്കുന്ന വരുമാനം ലഭിക്കാത്തതാണ് കാരണം. പേരിനുമാത്രം ജോലി നൽകിയിട്ടു കാര്യമില്ല. നല്ലരീതിയിൽ ജീവിക്കാൻ പറ്റുന്ന വരുമാനമുള്ള ജോലി ലഭിക്കണം. സർക്കാരിന്റെ പദ്ധതികളിലൂടെ സ്വയം തൊഴിൽ ലഭ്യമാക്കണം. പല അഭയകേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. ഇതിനെല്ലാം മാറ്റം വരണം. പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇതെല്ലാമാണ് പ്രതീക്ഷിക്കുന്നത്.

സീമ വിനീത്

മേക്കപ്പ് ആർട്ടിസ്റ്റ്