
കോലഞ്ചേരി: ദുരിതക്കടലിലും സ്‌മിജയ്‌ക്ക് വാക്കാണ് സത്യം. സ്‌മിജ കടമായി നൽകിയ ലോട്ടറിക്കാണ് കഴിഞ്ഞ ദിവസം ആറുകോടിയുടെ ഒന്നാംസമ്മാനം ലഭിച്ചത്. സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചക്കുംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രനോട് വിൽക്കാതെ ശേഷിച്ച ടിക്കറ്റിൽ ഒന്നെടുക്കാൻ സ്മിജ പറഞ്ഞിരുന്നു. അതും ഞായറാഴ്ച നറുക്കെടുപ്പിന് ഒരു മണിക്കൂർ മുമ്പ്. ടിക്കറ്റിന്റെ ഫോട്ടോ അയച്ചു നൽകി. മൂന്നുമണിക്കാണ് ആ ടിക്കറ്റിന് ബമ്പറടിച്ചതായി ഏജൻസി അറിയിച്ചത്. കളമശേരിയിൽ മറ്റൊരു ടിക്കറ്റിന്റെ സമ്മാനത്തുക വാങ്ങാൻ പോയ സ്‌മിജയും ഭർത്താവ് രാജേശ്വരനും തിരിച്ചെത്തി ഒറിജിനൽ ടിക്കറ്റ് ചന്ദ്രന് നൽകി.
കാക്കനാട് കെ.ബി.പി.എസിലെ ലോട്ടറി പായ്ക്കിംഗ് സെക്‌ഷനിലായിരുന്നു ഇരുവർക്കും താത്കാലിക ജോലി. കൂലി കൂടുതൽ ചോദിച്ചതോടെ ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായി. രണ്ടുപേരുടെയും ജോലി പോയി. തുടർന്ന് ചുണങ്ങംവേലിയിലെ സ്മിജയുടെ വീടിനടുത്ത് പത്തുവർഷം മുമ്പ് സുഹൃത്തിന്റെ കടയിൽ തുടങ്ങിയതാണ് ലോട്ടറിക്കച്ചവടം. പുലർച്ചെ 6 മുതൽ ടിക്കറ്റു കൊടുക്കും. ദിവസം 700 ടിക്കറ്റു വരെ വിറ്റിട്ടുണ്ട്. സമ്മാനങ്ങൾ ലഭിച്ചതോടെ വില്പന ഹിറ്റായി.
പിന്നീട് ഭർത്താവിന്റെ നാടായ വരാപ്പുഴയിൽ ലോട്ടറിക്കച്ചവടം തുടങ്ങി. അതിനിടെയാണ് ലൈഫ് പദ്ധതിയിൽ വീടു കിട്ടി ലോക്ക് ഡൗണിന് തൊട്ടുമുമ്പ് പട്ടിമറ്റത്ത് എത്തിയത്. വാട്സാപ്പ് ഗ്രൂപ്പ് വഴിയും ടിക്കറ്റ് വില്പനയുണ്ട്. കർണാടക, തമിഴ്നാട് സ്വദേശികളും അന്യജില്ലക്കാരുമെല്ലാം ഗ്രൂപ്പിലുണ്ട്. ടിക്കറ്റുകളുടെ ചിത്രം ഗ്രൂപ്പിലിടും. ഗൂഗിൾപേ വഴി പണം വാങ്ങും. കണക്കിൽ ബിരുദാനന്തര ബിരുദധാരിയാണ് ഈ മുപ്പത്താറുകാരി.
കെ.എസ്.ആർ.ടി സി കണ്ടക്ടർ, എക്സൈസ് ഓഫീസർ ടെസ്റ്റുകൾ പാസായെങ്കിലും ശാരീരികക്ഷമതാ പരിശോധന ജയിച്ചില്ല. പിന്നീട് സർക്കാർ ജോലിക്ക് ശ്രമിച്ചില്ല.
ഇന്ത്യൻ ബാങ്കിൽ ഒഡിഷയിൽ നിയമനം ലഭിച്ചെങ്കിലും രണ്ടാമത്തെ മകൻ ജനിച്ച സമയമായതിനാൽ വേണ്ടെന്നുവച്ചു. തലച്ചോറിൽ അണുബാധയുള്ള മൂത്തമകന്റെ ചികിത്സയ്ക്കായി നാട്ടിൽ തുടരണമായിരുന്നു. അതോടെയാണ് സ്‌മിജ ലോട്ടറിക്കച്ചവടം തുടങ്ങിയത്.
രാവിലെ പട്ടിമറ്റത്തു നിന്ന് ചുണങ്ങം വേലിയിലെ കടയിലെത്തും. മക്കളായ ജഗനെയും ലുഖൈദിനെയും തൊട്ടടുത്ത് താമസിക്കുന്ന അമ്മയെ ഏല്പിച്ച് ഭർത്താവിനൊപ്പം കച്ചവടം ഉഷാറാക്കും. വൈകിട്ട് വീട്ടിലേക്ക്.
ബമ്പർ സമ്മാനത്തിന്റെ കമ്മിഷൻ വാങ്ങി കച്ചവടം നിറുത്താനൊന്നും സ്മിജ ഒരുക്കമല്ല. ഇന്നലെയും ബമ്പർ ടിക്കറ്റ് വിറ്റതോടെ താരമായി. ഒപ്പം സെൽഫിയെടുക്കാനും പലരും വരുന്നതിനാൽ കച്ചവടം പൊടിപൊടിക്കുന്നു. ലക്ഷങ്ങളൊക്കെ വരും, പോകും. കഷ്ടപ്പെട്ട് പണിയെടുത്ത് പണമുണ്ടാക്കണം. പറ്റുന്ന കാലംവരെ അതുണ്ടാകും - അതാണ് സ്‌മിജയുടെ നയം. ബി.എ ലിറ്ററേച്ചർ ബിരുദധാരിയായ ഭർത്താവ് രാജേശ്വരൻ തുടർ പഠനത്തിനും പി.എസ്.സി കോച്ചിംഗിനും നിർബന്ധിക്കുമ്പോൾ വരട്ടെ എല്ലാത്തിനും സമയമുണ്ടെന്നാണ് സ്‌മിജയുടെ മറുപടി.