f
ഐമുറി കനാൽബണ്ട് റോഡിൽ രൂപപ്പെട്ട ഗർത്തത്തിനു ചുറ്റും ഫെജിൻ പോളിന്റെ നേതൃത്വത്തിൽ അപകട സൂചന നൽകിക്കൊണ്ട് ടാർവീപ്പകൾ നിരത്തുന്നു

കുറുപ്പംപടി: കുറിച്ചിലക്കോട് റോഡിൽ ഐമുറി കനാൽ ബണ്ടിൽ ഗർത്തം രൂപപ്പെട്ടു. മെയിൻ കനാലിൽ നിന്നും സബ് കനാലിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടറിന്റെ മുകൾ ഭാഗത്തെ റോഡിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. മുകൾ ഭാഗത്ത് ചെറിയകുഴി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.എന്നാൽ അടിയിലേക്ക് പത്തടി താഴ്ച്ചയിൽ വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.മുൻ വാർഡ് മെമ്പർ ഫെജിൻ പോളിന്റെ നേതൃത്വത്തിൽ കുഴിക്ക് ചുറ്റും ടാർ വീപ്പകൾ വച്ചിട്ടുണ്ട്.

കുറച്ചുനാളുകൾക്കു മുമ്പ് കനാൽ വെള്ളം തുറന്നു വിട്ടപ്പോൾ വെള്ളം കടന്ന് പോകാത്ത അവസ്ഥയുണ്ടായിരുന്നു. ഈ വിവരം പെരിയാർവാലി അധികൃതരെ അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തി കലുങ്കിന് അടിയിലെ മണ്ണ് നീക്കം ചെയ്തിരുന്നു.

അപകടങ്ങൾക്ക് ഭീഷണി

ഗർത്തം രൂപപ്പെട്ട ഭാഗത്ത് വലിയ വളവായതിനാൽ റോഡിലൂടെ പോകുന്ന വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. വാഹനം പോകുമ്പോൾ മണ്ണ് താഴേക്ക് ഇടിഞ്ഞു പോവുന്ന സാഹചര്യം നിലനിൽകുന്നുണ്ട്.

എത്രയും വേഗം കലുങ്ക് പുന:ർനിർമിച്ചില്ലെങ്കിൽ ബാക്കി ഭാഗം കൂടി ഇടിയാൻ സാധ്യതയുണ്ട്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം.

ഫെജിൻ പോൾ,മുൻമെമ്പർ