
കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം തേടി വിനോദിനി ബാലകൃഷ്ണൻ.
ഇന്നലെ രാവിലെ 11ന് ഹൈക്കോടതിക്ക് സമീപത്തെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിർദ്ദേശം. സമയം നീട്ടിച്ചോദിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മൂന്നാമത്തെ നോട്ടീസ് നൽകുകയെന്നാണ് സൂചന. അപ്പോഴും ഹാജരായില്ലെങ്കിൽ വാറണ്ട് ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് കസ്റ്റംസ് കടക്കും.
കഴിഞ്ഞ തവണ നോട്ടീസ് അയച്ചെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. നോട്ടീസ് ലഭിച്ചില്ലെന്നാണ് കാരണം പറഞ്ഞത്. ബിനീഷ് കോടിയേരിയുടെ റെയ്ഡ് ചെയ്‌ത വീടിന്റെ വിലാസത്തിലാണ് നോട്ടീസയച്ചത്. വീട് അടഞ്ഞുകിടന്നതിനാൽ നോട്ടീസ് മടങ്ങി. ഫോണിൽ ശ്രമിച്ചെങ്കിലും വിനോദിനിയെ ബന്ധപ്പെടാനായില്ല. തുടർന്നാണ് വിലാസം മാറ്റി മാർച്ച് 21ന് കോടിയേരിയുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് നോട്ടീസ് നൽകിയത്.
സ്വർണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന് ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷനായി ലഭിച്ച ആറ് ഐ ഫോണുകളിൽ വിലയേറിയ ഫോൺ വിനോദിനി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. ഐ ഫോണും കോൾരേഖകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കസ്റ്റംസ് പരിശോധിക്കുകയാണ്.