കൊച്ചി: പാവപ്പെട്ട രോഗികളുടെ ആശ്രയവും പ്രതീക്ഷയുമായ കൊച്ചി കാൻസർ സെന്റർ യാഥാർത്ഥ്യമാക്കാനും എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് വികസനത്തിനും പിന്തുണ തേടി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് അഞ്ചു ജില്ലകളിലെ സ്ഥാനാർത്ഥികൾക്ക് കത്തയച്ചു. മദ്ധ്യകേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട കൊച്ചി കാൻസർ സെന്റർ ഒരു ദശാബ്ദമായി പൂർത്തിയാകാത്ത സ്വപ്നമായി അവശേഷിക്കുകയാണ്. 2004 ൽ തറക്കല്ലിട്ട 400 കോടി രൂപയുടെ പദ്ധതിയുടെ നിർമാണം രണ്ടുവർഷം മുൻപാണ് ആരംഭിച്ചത്. 40 ശതമാനം മാത്രം പണി പൂർത്തിയായ കെട്ടിടം കേസിലും കുടുങ്ങി. കരാർ ഏറ്റെടുത്ത കമ്പനി ഗുണനിലവാരമില്ലാത്ത നിർമാണമാണ് നടത്തിയത്. നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി തന്നെ അതൃപ്തി പ്രകടിപ്പിച്ച നിർമാണം അവസാനിപ്പിക്കണമെന്നും നിർദേശം ഉയർന്നിരുന്നു. കഴിഞ്ഞ ജനുവരി 31 ന് കരാർ റദ്ദാക്കി കമ്പനിയെ പുറത്താക്കി. കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചികിത്സാച്ചെലവ് സാധാരണക്കാർക്ക് താങ്ങാനാകാവുന്നതിൽ അധികവുമാണ്. ഈ സാഹചര്യത്തിൽ കാൻസർ സെന്റർ നിർമാണം പൂർത്തിയാക്കി പൂർണസജ്ജമാക്കാൻ പിന്തുണ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
മികവ് കാട്ടാതെ മെഡിക്കൽ കോളേജ്
സഹകരണമേഖലയിൽ ആരംഭിച്ച് രണ്ടു പതിറ്റാണ്ട് പിന്നിട്ട മെഡിക്കൽ കോളേജിന് ആരോഗ്യരംഗത്ത് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ് മെഡിക്കൽ കോളേജിനെ സർക്കാർ ഏറ്റെടുത്തത്. ഏഴുവർഷം കഴിഞ്ഞിട്ടും പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. മികച്ച പ്രിൻസിപ്പലോ കരുത്തനായ സൂപ്രണ്ടോയില്ല. ഒരുവർഷത്തിനിടെ മൂന്നു പ്രിൻസിപ്പർമാർ വന്നു. നിലവിലെ പ്രിൻസിപ്പലും അടുത്ത മാസം വിരമിക്കും. പരിമിതമായ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ മാത്രമാണ് നിലവിലുള്ളത്. ഗുരുതരമായ രോഗം ബാധിക്കുന്നവർ കോട്ടയം മെഡിക്കൽ കോളേജിൽ പോകേണ്ട അവസ്ഥയാണ്. പി.ജി കോഴ്സുകളും കുറവാണ്. സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന് 300 കോടി രൂപ ചെലവിൽ നിർമാണം ആരംഭിച്ചെങ്കിലും സ്തംഭിച്ചു. ആരോഗ്യരംഗത്ത് മദ്ധ്യകേരളത്തിന് സംഭാവനകൾ നൽകാൻ കഴിയുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ജനപ്രതിനിധികൾ തയ്യാറാകണമെന്ന് മൂവ്മെന്റ് ഭാരവാഹി ഡോ.കെ.എൻ. സനിൽകുമാർ കത്തിൽ ആവശ്യപ്പെട്ടു.