
കോലഞ്ചേരി: ആരവങ്ങളും ആൾക്കൂട്ടവുമില്ലാതെ പ്രിയതമന് വോട്ട് തേടി സോണിയെത്തി. കുന്നത്തുനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിന് വോട്ടു തേടിയാണ് ഭാര്യയും അഭിഭാഷകയുമായ കെ.ബി. സോണി മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. പള്ളിക്കര, പെരിങ്ങാല, പിണ്ടർമുണ്ട, സുനിതക്കവല മേഖലകളിലായിരുന്നു ആദ്യ ഘട്ട പര്യടനം. കൂട്ടിന് എൽ.ഡി.എഫ് മഹിളാ സംഘടന പ്രവർത്തകരുമുണ്ട്. പരമാവധി സ്ത്രീ വോട്ടർമാരേയും പുതു വോട്ടർമാരേയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് ലക്ഷ്യം. കുന്നത്തുനാട്ടിലെ വോട്ടർമാർ ശ്രീനിജിനെ കൈവിടില്ലെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് സോണി പറഞ്ഞു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്റെ മകളാണ് സോണി.