പെരുമ്പാവൂർ: പി.പി.റോഡിലുള്ള പെരുമ്പാവൂർ ഗാന്ധി ബസാർ കോംപ്ലക്‌സിൽ അടിച്ചുവാരിക്കൊണ്ടിരുന്ന തൂപ്പുകാരിയെ കല്ലുകൊണ്ട് തലക്കടിച്ചു പരിക്കേല്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.തണ്ടേക്കാട് എം.എച്ച്.കവലക്ക വടക്കേക്കുടി വീട്ടിൽ ഷംസുദ്ദീനെയാണ്(50) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശമന്നൂർ - പയ്യാൽപാണാട്ടുപറമ്പിൽ പള്ളിയുടെ ഭാര്യ അമ്മിണി (70,) പെരുമ്പാവൂർ വാത്തിയായത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാവിലെ 10 മണിയോടെ സംഭവം. ഓട്ടോ ഡ്രൈവറായ ഷംസുദ്ദീൻ മാലിന്യങ്ങൾ ദിവസവും ഈ കോംപ്‌ളക്‌സിൽ കൊണ്ടവന്ന് തള്ളാറുണ്ടായിരുന്നു.തുടർന്ന് കടക്കാർ കോംപ്‌ളക്‌സിൽ സി.സി.ടി.വി.കാമറ സ്ഥാപിച്ചു.സി.സി ടി.വി.കാമറയിൽ സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നത് ഓട്ടോ ഡ്രൈവറാണെന്നു കണ്ടതോടെ കടയുടമകൾ ഇയാളെ താക്കീത് ചെയ്തു. തന്നെ തൂപ്പുകാരിയാണ് ഒറ്റിക്കൊടുത്തതെന്ന സംശയത്തിലാണ് ഷംസുദ്ദീൻ ഇന്നലെ രാവിലെ അമ്മിണിയെ കല്ലുകൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചത്.