
കൊച്ചി : സ്പീക്കർ പി. ശ്രീരാമകൃഷ്‌ണന് ഒമാനിലെ മിഡിൽ ഇൗസ്റ്റ് കോളേജിൽ നിക്ഷേപമുണ്ടെന്നും, യു.എ.ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിക്ക് 10 കെട്ട് കറൻസി നോട്ട് അദ്ദേഹം സമ്മാനമായി നൽകിയെന്നും വ്യക്തമാക്കുന്ന സ്വപ്‌ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികൾ പുറത്ത്. ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണന്റെ ഹർജിക്കൊപ്പം സമർപ്പിച്ച രേഖകളിലുൾപ്പെട്ട മൊഴികളാണിത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും ഇ.ഡിക്കു നൽകിയ മൊഴികളിൽ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളുടെ ചുവടുപിടിച്ചുള്ള ഇ.ഡിയുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തലുകൾ.
സ്വപ്ന 2020 ഡിസം.
15 ന് നൽകിയ മൊഴി
ഒമാനിലെ മിഡിൽ ഇൗസ്റ്റ് കോളേജിന്റെ ഉടമ പൊന്നാനിക്കാരനായ ലഫീറിനെയും കോളേജ് ഡീനായ തിരുവനന്തപുരം സ്വദേശി കിരണിനെയും പരിചയപ്പെടുത്തിയത് ശിവശങ്കറും സ്പീക്കറുമാണ്. മിഡിൽ ഇൗസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാർജയിൽ തുടങ്ങുന്നതിന് സ്ഥലം കിട്ടാൻ അദ്ദേഹം ഷാർജയിലെ ഭരണാധികാരിയോട് അപേക്ഷിച്ചു.
ശ്രീരാമകൃഷ്ണൻ, ശിവശങ്കർ, ലഫീർ, കിരൺ എന്നിവരുടെ ബിസിനസ് യു.എ.ഇയിൽ വികസിപ്പിക്കാൻ 2018 ഏപ്രിലിൽ ഞാൻ ഒമാനിൽ പോയി മിഡിൽ ഇൗസ്റ്റ് കോളേജിന്റെ ഡയറക്ടർമാരിൽ ഒരാളായ ഖാലിദിനെ കണ്ടു. ശ്രീരാമകൃഷ്ണനുമായി കോവളത്ത് ലീലാ പാലസിൽ നടത്തിയ കൂടിക്കാഴ്ചയിൽ, സ്ഥലം നൽകാമെന്ന് ഷാർജ ഭരണാധികാരി വാക്കാൽ സമ്മതിച്ചു. കോളേജിന്റെ ശാഖകൾ മിഡിൽ ഇൗസ്റ്റിൽ മുഴുവൻ സ്ഥാപിക്കാൻ ആഗ്രഹമുണ്ടെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു.
പ്രോട്ടോക്കോൾ ഒാഫീസറുടെ നിർദ്ദേശപ്രകാരം നോട്ടുകെട്ട്
യു.എ.ഇയിലേക്ക് നൽകാൻ കൈമാറിയെന്ന് സരിത്ത്
കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എ.യിലായിരിക്കുമ്പോൾ പ്രോട്ടോക്കോൾ ഒാഫീസർ ഹരികൃഷ്ണൻ യു.എ.ഇയിലേക്ക് കൊണ്ടുപോകാൻ പണമടങ്ങിയ ബാഗ് നൽകിയെന്നും ഇത് കോൺസുൽ ജനറലിനു കൈമാറിയെന്നും പി.എസ്. സരിത്ത് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യു.എ.ഇയിലേക്ക് പോയപ്പോൾ ഒരു ബാഗ് കൊണ്ടുപോകാൻ പ്രതിനിധിസംഘം മറന്നുപോയെന്നും ഇതു യു.എ.യിലുള്ള സംഘത്തിന് എത്തിച്ചുകൊടുക്കാമെന്ന് കോൺസുൽ ജനറൽ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി പ്രോട്ടോക്കോൾ ഒാഫീസർ ഹരികൃഷ്ണൻ വിളിച്ചെന്നാണ് സരിത്തിന്റെ മൊഴി. ഇക്കാര്യം സ്വപ്ന സുരേഷിനെ വിളിച്ച് അന്വേഷിച്ചപ്പോൾ ശരിയാണെന്നും ശിവശങ്കർ ഇക്കാര്യം കോൺസുൽ ജനറലിനോട് സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. തുടർന്ന് സെക്രട്ടേറിയറ്റിലെത്തി പ്രോട്ടോക്കോൾ ഒാഫീസർ ഹരികൃഷ്ണനിൽനിന്ന് ബാഗുവാങ്ങി. കോൺസുൽ ജനറൽ ഒാഫീസിലെത്തി ഇൗ ബാഗ് സ്കാൻ ചെയ്തപ്പോൾ നോട്ടുകെട്ടുകളും സുഗന്ധവ്യഞ്ജനങ്ങളുമായിരുന്നു. സ്വപ്ന നേരത്തെ പറഞ്ഞിരുന്നതനുസരിച്ച് ബാഗ് നയതന്ത്ര പ്രതിനിധികളിലൊരാളായ അഹമ്മദ് അൽ ദൗഖിക്ക് കൈമാറി. അദ്ദേഹം അന്നുതന്നെ യു.എ.ഇയിലേക്ക് പോകാനിരിക്കുകയായിരുന്നു. - സരിത്തിന്റെ മൊഴിയിൽ പറയുന്നു.
ഐ.ബിയുടെ മുന്നറിയിപ്പുണ്ടെന്ന് ശിവശങ്കർ
സ്വപ്നയുടെ പിതാവ് മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോൾ അവരുടെ പി.ടി.പി നഗറിലെ വസതിയിലെത്തിയ ശിവശങ്കർ നയതന്ത്രചാനൽവഴി സ്വർണക്കടത്തുണ്ടെന്ന് ഐ.ബി റിപ്പോർട്ടുള്ളതായി പറഞ്ഞു. എന്നാൽ സ്വപ്നയും സരിത്തും ഇതിനെ എതിർത്തു. എന്നാൽ പിന്നീട് ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ടെന്ന് ശിവശങ്കറിനോടു സമ്മതിച്ചതായി സ്വപ്ന തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും സരിത്ത് വ്യക്തമാക്കുന്നു.