തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവദമ്പതികൾക്ക് ആശംസകൾ നേർന്ന് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.ബാബു. ചേപ്പനം സ്വദേശി അരുണും ചെറായി സ്വദേശി രഞ്ജിതയും വിവാഹശേഷം കുടുംബക്ഷേത്രത്തിൽ തൊഴാനെത്തിയപ്പോഴാണ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ കണ്ടുമുട്ടിയത്.
കെ.ബാബുവിന്റെ ഇടക്കൊച്ചി പ്രദേേശത്തെ പര്യടനം ഇന്നലെ സമാപിച്ചു. രാവിലെ പെരുമ്പടപ്പ് ജംഗ്‌ഷനിൽ നിന്നാരംഭിച്ച വാഹന പര്യടനം ഇടക്കൊച്ചി ബസ് സ്റ്റാൻഡിൽ അവസാനിച്ചു. ഇന്നലെ തൃപ്പൂണിത്തുറയിലെത്തിയ അമിത്ഷായെ കടന്നാക്രമിച്ചായിരുന്നു കെ.ബാബുവിന്റെ പര്യടനം. ഓരോ സ്വീകരണ കേന്ദ്രത്തിലെത്തുമ്പോഴും വാഹനത്തിൽ നിന്നിറങ്ങി സമീപമുള്ള ഇടവഴികളിലൂടെ നടന്നാണ് വോട്ട് ചോദിച്ച് മുന്നേറിയത്. പൈ റോഡിലെ മാർക്കറ്റിലെത്തിയ കെ.ബാബുവിന് വ്യാപാരികളും മത്സ്യക്കച്ചവടക്കാരും വൻവരവേൽപ്പാണ് നൽകിയത്. ദേശാടന പക്ഷിയല്ല താനെന്നും, എം.എൽ.എ അല്ലാതിരുന്നപ്പോഴും ഇവിടെ നിങ്ങളുടെയൊപ്പം ഉണ്ടായിരുന്നെന്നും ബാബു വോട്ടർമാരെ ഓർമ്മിപ്പിച്ചു. ഇന്ന് മരട് പ്രദേശത്താണ് ബാബുവിന്റെ പര്യടനം.