smija-family
സ്മിജയും ഭർത്താവ് രാജേശ്വരനും മക്കളും

ആലുവ: പറഞ്ഞുറപ്പിച്ച ടിക്കറ്റിൽ ആറുകോടി രൂപ സമ്മാനമുണ്ടെന്നറിഞ്ഞിട്ടും സത്യസന്ധത കെെവിടാതിരുന്ന ലോട്ടറി ഏജന്റ് സ്മിജയ്ക്ക് അഭിനന്ദന പ്രവാഹം. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും സത്യസന്ധത കൈവിടാതെ നടത്തിയ പ്രവർത്തനമാണ് സ്മിജയെ താരമാക്കിയത്.

സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പറിലെ ഒന്നാം സമ്മാനമായ ആറുകോടി രൂപയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടിൽ പി.കെ. ചന്ദ്രന് അടിച്ചത്. മൊബൈലിലൂടെ പറഞ്ഞുറപ്പിച്ച ടിക്കറ്റ് വാട്ട്‌സ് ആപ്പിലൂടെ ചന്ദ്രന് അയച്ചിരുന്നെങ്കിലും ടിക്കറ്റ് കൈമാറിയിരുന്നില്ല. അടുത്തദിവസം നേരിട്ടെത്തി പണം നൽകാമെന്ന വ്യവസ്ഥയിലാണ് ചന്ദ്രൻ ടിക്കറ്റ് പറഞ്ഞുറപ്പിച്ചത്. പട്ടിമറ്റത്തെ ലോട്ടറി ഏജൻസിയിൽനിന്നാണ് ഒന്നാംസമ്മാനം അടിച്ചുവെന്നറിയിച്ച് സ്മിജയ്ക്ക് ഫോൺവിളിയെത്തിയത്. കളിയാക്കാൻ വിളിക്കുന്നതാണെന്ന് ധരിച്ച് സ്മിജ ഫോൺ കട്ടുചെയ്തു. വീണ്ടും വിളിച്ച് കടയുടമ നമ്പർ പറഞ്ഞപ്പോഴാണ് വിശ്വാസമായത്. തുടർന്ന് ബാഗിലുണ്ടായിരുന്ന ടിക്കറ്റിന്റെ നമ്പർ പരിശോധിച്ച് ഉറപ്പാക്കിയശേഷം ചന്ദ്രനെ അറിയിക്കുകയായിരുന്നു.
സത്യസന്ധത കാട്ടിയ വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഇന്നലെ സ്മിജയുടെ ഫോണിന് വിശ്രമമുണ്ടായിരുന്നില്ല. കെ.പി.എം.എസ് മുൻ ജില്ലാ പ്രസിഡന്റ് കെ.എൻ. മോഹനന്റെ മകളാണ് സ്മിജ. കെ.പി.എം.എസ് മേക്കരംകുന്ന് ശാഖയുടെ നേതൃത്വത്തിൽ സ്മിജയെ ആദരിച്ചു. കീഴ്മാട് പഞ്ചായത്തംഗം എം.എം. സാജു, പി.കെ. രതീഷ്, എം.വി. ഷിനിൽ, ഗൗരി വേലായുധൻ, കെ.എ. അശോകൻ, സുമേഷ്, ശിവദാസ് എന്നിവർ പങ്കെടുത്തു. എൻ.ഡി.എ ആലുവ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.എൻ. ഗോപിയും വീട്ടിലെത്തി സ്മിജയെ പൊന്നാട അണിയിച്ച് ആദരിച്ചു.