1
കാണാതായ സാനു മോഹൻ

തൃക്കാക്കര : പതിമ്മൂന്നുകാരി വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന പിതാവ് കങ്ങരപ്പടി ഹാർമണി ഫ്‌ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹൻ (40) ഇപ്പോഴും കാണാമറയത്ത്.

തി​ങ്കളാഴ്ച ഉച്ചയ്ക്കാണ് വൈഗയുടെ മൃതദേഹം പുഴയി​ൽ പാെങ്ങി​യത്. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തി​ലെ പ്രാഥമിക നി​ഗമനം. അസ്വാഭാവിക പരിക്കുകളൊന്നും കണ്ടെത്തിയില്ല. ഇന്നലെ വൈകി​ട്ട് നാലരയോടെ വി​ട്ടുനൽകി​യ മൃതദേഹം ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോയി. അതിനിടെ സാനുവും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിലെ കി​ടപ്പുമുറി​യി​ൽ പൊലീസ് നടത്തിയ തെരച്ചിലിൽ ചോരപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഫോറൻസിക് വി​ദഗ്ദ്ധർ പരിശോധന നടത്തി.

സാനുവും മകൾ വൈഗയും സഞ്ചരിച്ച കാറും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവർ സഞ്ചരിച്ചതായി സൂചനയുള്ള പ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു. മുട്ടാർ പുഴയിൽ നടത്തിയിരുന്ന തെരച്ചിൽ പൊലീസും അഗ്നിശമന സേനയും അവസാനിപ്പിച്ചു.

സാനു മോഹന് വൻ കടബാദ്ധ്യത ഉണ്ടായിരുന്നതായും കടക്കാർക്ക് പണം മടക്കിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തി. ഫ്ളാറ്റിൽ ഞായറാഴ്ച എത്തിയ മൂന്നുപേരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. അന്നു വൈകി​ട്ട് സാനുവും ഭാര്യ രമ്യയും മകളുമായി ആലപ്പുഴയിലെ ഭാര്യാ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. വൈകി​ട്ട് മറ്റൊരു ബന്ധുവിന്റെ വീട്ടിൽ പോയിവരാമെന്ന് പറഞ്ഞാണ് സാനു മകളെയും കൂട്ടി കാറിൽ പുറപ്പെട്ടത്. സാനുവിന്റെ മൊബൈൽ കഴിഞ്ഞ ഒരാഴ്ചയായി ഓഫ് ആക്കി വച്ചിരിക്കുകയായിരുന്നു. ഭാര്യയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്.